അഴീക്കോട് - മുനമ്പം പാലം, പ്രതിസന്ധികൾ അവസാനിച്ചു, നിർമ്മാണത്തിന് വേഗം കൂടും
കൊടുങ്ങല്ലൂർ: അഴീക്കോട് - മുനമ്പം പാലം നിർമ്മാണത്തിൽ തടസങ്ങൾ നീങ്ങിയതോടെ പണി വേഗത്തിലാകും. മുനമ്പം ഭാഗത്ത് ഭൂമി ഏറ്റെടുക്കുന്നതു സംബന്ധിച്ച് സ്വകാര്യ വ്യക്തിയും റവന്യൂ വകുപ്പുമായി ഹൈക്കോടതിയിൽ നിലനിന്നിരുന്ന കേസിൽ സർക്കാരിന് അനുകൂല വിധി ലഭിച്ചതോടെയാണ് പ്രതിസന്ധികൾ അവസാനിച്ചത്. അഴീക്കോട് ഭാഗത്തെ നിർമ്മാണ പ്രവർത്തനങ്ങൾ 90 ശതമാനം പൂർത്തീകരിച്ചിരുന്നു. കായൽഭാഗത്ത് ഫൗണ്ടേഷൻ വർക്കുകൾക്കുശേഷം സബ്‌സ്‌ക്രൈബ് നിർമ്മാണ പ്രവർത്തനം വേഗത്തിൽ പുരോഗമിക്കുകയാണ്. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 2023 നവംബർ 13നാണ് പാലം നിർമ്മാണം ആരംഭിച്ചത്.
പുതിയ സാങ്കേതിക വിദ്യ
സൂപ്പർ സ്ട്രാക്ടർ സെഗ്മെന്റൽ ഓട്ടോ ലോഞ്ചിംഗ് സിസ്റ്റത്തിലൂടെയാണ് നിലവിൽ നിർമ്മാണം പുരോഗമിക്കുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് പുതിയ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത്. 52.65 മീറ്റർ നീളമുള്ള മെയിൻ സ്ലാബിന് 18 സെഗ്‌മെന്റുകൾ ആക്കി നിർമ്മിച്ച് ആധുനിക യന്ത്ര സംവിധാനത്തോടെ ഘടിപ്പിക്കുന്നതാണ് നൂതന രീതി. ഇതിലൂടെ പ്രവർത്തികൾ വേഗത്തിൽ പൂർത്തിയാകും. കൂടാതെ പാലം നിർമ്മാണം മൂലം കായലിൽ ഉണ്ടാകാൻ സാധ്യതയുള്ള മലിനീകരണം കുറയ്ക്കാനും മത്സ്യബന്ധന ബോട്ടുകളുടെ യാത്ര സുഗമമാക്കാനും കഴിയും.
പ്രതിസന്ധികളെ തരണം ചെയ്തത് കൂട്ടായ പ്രവർത്തനത്തിലൂടെയാണ്. എല്ലാ ജനവിഭാഗങ്ങളിൽ നിന്നും ഉദ്യോഗസ്ഥരിൽ നിന്നും ജനപ്രതിനിധികളിൽ നിന്നും കിട്ടിയ പിന്തുണയും സഹകരണവും വളരെ വലുതാണ്. ഇനിയും ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ തുടർന്നും ഉണ്ടാവണം. ഇ.ടി. ടൈസൺ എം. എൽ.എ