ഘോഷയാത്ര ആസ്വദിച്ച് ഗവർണറും മുഖ്യമന്ത്രിയും

Wednesday 10 September 2025 3:11 AM IST

തിരുവനന്തപുരം: ഓണം വാരാഘോഷത്തിന്റെ സമാപനം കുറിച്ച് നടന്ന സാംസ്കാരികഘോഷയാത്ര കുടുംബസമേതം ആസ്വദിച്ച് ഗവർണറും മുഖ്യമന്ത്രിയും.പബ്ളിക് ലൈബ്രറിക്ക് മുന്നിലെ വി.വി.ഐ.പി പവലിയനിലിരുന്നാണ് ഇരുവരും ഘോഷയാത്ര വീക്ഷിച്ചത്.

ചെണ്ടമേളത്തിനും കലാകാരന്മാരുടെ നൃത്തച്ചുവടുകൾക്കുമൊപ്പം താളമിട്ടാണ് ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറും ഭാര്യ അനഘാആർലേക്കറും ഘോഷയാത്ര ആസ്വദിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ പത്നി കമല കലാരൂപങ്ങൾ മൊബൈലിൽ പകർത്തുന്ന തിരക്കിലായിരുന്നു. ഘോഷയാത്രയിൽ പങ്കെടുത്ത കുട്ടികൾക്കു നേരെ കൈവീശിയ മുഖ്യമന്ത്രി ഫ്ളോട്ടുകൾ ആദ്യാവസാനംവരെ ആസ്വദിച്ചു. ചെറുമകൻ ഇഷാനും ഒപ്പമുണ്ടായിരുന്നു. മന്ത്രിമാരായ വി.ശിവൻകുട്ടി, കടന്നപ്പള്ളി രാമചന്ദ്രൻ, മുഹമ്മദ് റിയാസ്, ജി.ആർ അനിൽ എന്നിവർ ഒപ്പമുണ്ടായിരുന്നു. ഘോഷയാത്രയിലെ മനോഹരദൃശ്യങ്ങൾ എഴുന്നേറ്റ് നിന്നാണ് മന്ത്രി വി.ശിവൻകുട്ടി ആസ്വദിച്ചത്. ഫ്ലോട്ടുകൾക്കിടയിൽ അകലം കൂടുന്നത് ശ്രദ്ധയിൽപ്പെട്ട അദ്ദേഹം റോഡിലേക്കിറങ്ങി നിയന്ത്രണമേറ്റെടുക്കുന്നതും കാണാമായിരുന്നു.

എം. വിജയകുമാർ, എം.എൽ.എ.മാരായ കടകംപള്ളി സുരേന്ദ്രൻ, ആന്റണി രാജു, സി.കെ. ഹരീന്ദ്രൻ, കെ.പി. കുഞ്ഞഹമ്മദ് കുട്ടി, വി.ജോയി, മേയർ ആര്യ രാജേന്ദ്രൻ, ഡെപ്യൂട്ടി മേയർ പി.കെ. രാജു, ജില്ലാപ്പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, സാംസ്‌കാരികവകുപ്പ് ഡയറക്ടർ ദിവ്യ.എസ്.അയ്യർ,കളക്ടർ അനുകുമാരി,പാളയം ഇമാം ഷുഹൈബ് മൗലവി,സ്വാമി സന്ദീപാനന്ദ ഗിരി എന്നിവരും പവലിയനിൽ ഉണ്ടായിരുന്നു.

ആസ്വാദകരിൽ ദക്ഷിണാഫ്രിക്കൻ മന്ത്രിയും

ഓണം വാരാഘോഷത്തിന് സമാപനംകുറിച്ചുള്ള ഘോഷയാത്രയ്ക്ക് സാക്ഷിയാകാൻ ദക്ഷിണാഫ്രിക്കൻ മന്ത്രി മാർട്ടിൻ മയ്യറും.

'ഹാപ്പി ഓണം കേരള...ഐ ലവ് ദിസ് സോ മച്ച്...' ഗംഭീരമായ കാഴ്ചാനുഭവം സമ്മാനിച്ച കേരളത്തോട് നന്ദിയുണ്ടെന്ന് റൊമാനിയൻ സ്വദേശിയായ കാറ്റ്ലിന പറയുന്നു. പതിനൊന്ന് രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഘോഷയാത്ര കാണാനെത്തിയത്. അടുത്ത ഓണത്തിനും കേരളത്തിലേക്ക് വരുമെന്ന് വിയറ്റ്നാം സ്വദേശി ഫൻവൻ പറയുന്നു. വിദേശികൾക്കായി പ്രത്യേക ഇരിപ്പിടം ഒരുക്കിയിരുന്നു. ഫ്‌ളോട്ടുകളെക്കുറിച്ച് ടൂറിസം വകുപ്പിന്റെ വോളന്റിയർ വിശദീകരിച്ച് നൽകി. കേരള സർവകലാശാലയിലെ വിദേശവിദ്യാർത്ഥികളും ഘോഷയാത്ര കാണാനെത്തിയിരുന്നു.