ചെമ്പട്ടണിഞ്ഞ് ആലപ്പുഴ

Wednesday 10 September 2025 2:20 AM IST

ആലപ്പുഴ: സി.പി.ഐ സംസ്ഥാന സമ്മേളനത്തിൽ ആതിഥേയത്വം വഹിക്കുന്ന ആലപ്പുഴ വിപ്ലവപോരാട്ടങ്ങളെ അനുസ്മരിപ്പിക്കും വിധം ചെമ്പട്ടണിഞ്ഞു. ചരിത്രസ്മരണകളാൽ പുളകമണിയിക്കാൻ ശില്പഗോപുരങ്ങൾ, കമ്മ്യൂണിസ്റ്റ് ആചാര്യന്മാരുടെ പ്രതിമകൾ, സ്വാതന്ത്ര്യ സമരത്തിലെയും കമ്മ്യൂണിസ്റ്റ് പോരാട്ടത്തിലെയും ചരിത്ര സംഭവങ്ങളുടെ സ്മരണകളുണർത്തുന്ന ചിത്രങ്ങൾ, സ്തൂപങ്ങൾ എന്നിവയെല്ലാം ഒരുങ്ങിയിട്ടുണ്ട്. കൂറ്റൻ കമാനങ്ങൾ, രക്തസാക്ഷി മണ്ഡപം എന്നിവയ്ക്കു പുറമേ കാൾ മാർക്സ്, എംഗൽസ്, ലെനിൻ എന്നിവരുടെ പ്രതിമകൾ, വാരിക്കുന്തം പിടിച്ച് നിൽക്കുന്ന യോദ്ധാക്കൾ, ചക്രംചവിട്ടുന്ന കർഷകർ, പനമ്പിൽ തീർത്ത ഹൗസ്ബോട്ട്, ചെട്ടികുളങ്ങര കുംഭ ഭരണിയിലെ തേരുകൾ എന്നിവ കമനീയമായാണ് ഒരുങ്ങിയിരിക്കുന്നത്. പത്ത് തേരുകൾ ഓരോ സ്മാരകമാക്കി ഓരോന്നിലും മൺമറഞ്ഞു പോയ സി.പി.ഐ സംസ്ഥാന സെക്രട്ടറിമാരുടെ ചിത്രങ്ങൾ ആലേഖനം ചെയ്ത് സമ്മേളന നഗറിൽ സ്ഥാപിക്കുന്നുണ്ട്. ആലപ്പുഴ ജില്ലാ സമ്മേളനം ഭരണിക്കാവിൽ നടന്നപ്പോൾ അവിടെ ശ്രീകുമാറിന്റെ കരവിരുതിൽ തീർത്ത തേര് ഏറെ ശ്രദ്ധേയമായിരുന്നു. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള കലാകാരന്മാർ രണ്ടാം വട്ടമാണ് സംസ്ഥാന സമ്മേളനത്തിന് മോടികൂട്ടാൻ ചിത്ര, ശില്പങ്ങളുമായി എത്തുന്നത്. പുന്നപ്ര വയലാർ സമരം, കുട്ടനാട്ടിലെ കർഷകരുടെ സമര ചരിത്രം, ആലപ്പുഴ പട്ടണത്തിന്റെ ചരിത്രം എന്നിവയെല്ലാം ശില്പങ്ങളായി പുനർജനിച്ചിട്ടുണ്ട്.