വിപ്ലവഭൂമിയിൽ വീണ്ടും 'നിങ്ങളെന്നെ കമ്മ്യണിസ്റ്റാക്കി '
ആലപ്പുഴ: കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് കേരളത്തിൽ വളക്കൂറുണ്ടാക്കിയ ഘടകങ്ങളിൽ പ്രധാനപ്പെട്ടതാണ് തോപ്പിൽ ഭാസി രചിച്ച കെ.പി.എ.സിയുടെ 'നിങ്ങളെന്നെ കമ്മ്യണിസ്റ്റാക്കി' എന്ന നാടകം. കേരളത്തിൽ നിലനിന്നിരുന്ന ജാതി സമ്പ്രദായത്തെയും ഉച്ചനീചത്വങ്ങളെയും എതിർക്കാനും കീഴാളരുടെ ഉയർച്ചയ്ക്കും ആഹ്വാനം ചെയ്യുന്ന നാടകത്തെ 73 വർഷങ്ങൾക്കിപ്പുറവും ഇരുകൈയോടെയാണ് വിപ്ലവ ഭൂമി എതിരേറ്റത്. വർഷങ്ങൾ ശേഷവും പുതുമ ചോരാതെയാണ് ജനഹൃദയങ്ങളിലേക്ക് എത്തിയത്. പരമുപിള്ള എന്ന ഉയർന്ന ജാതിയിൽപ്പെട്ടയാൾ കമ്മ്യുണിസ്റ്റാകുന്നതാണ് കഥ. മുൻ എം.എൽ.എ കാമ്പിശേരി കരുണാകരൻ, പി.ജെ ആന്റണി, ഒ.മാധവൻ, പ്രേമചന്ദ്രൻ തുടങ്ങിയവർ പരമുപിള്ളയായി വേഷമിട്ടിട്ടുണ്ട്. അടുത്തിടെ അന്തരിച്ച കെ.പി.എ.സി രാജേന്ദ്രനായിരുന്നു കഴിഞ്ഞ 25 വർഷത്തിലേറെയായി പരമുപിള്ളയെ പുനഃരാവിഷ്കരിച്ചത്. രാജേന്ദ്രന്റെ വിയോഗത്തിന് ശേഷം ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ വീണ്ടും അവതരിപ്പിക്കുമ്പോൾ പരമുപിള്ളയ്ക്ക് വേഷപ്പകർച്ച നൽകുന്നത് കെ.പി.എ.സിയിലെതന്നെ അഷ്റഫ് ആണ്. സി.പി.ഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ഇന്നലെ ആലപ്പുഴ ടൗൺഹാളിലായിരുന്നു അഷ്റഫിന്റെ അരങ്ങേറ്റം. തോപ്പിൽ കൃഷ്ണപിള്ള അവതരിപ്പിച്ചിരുന്ന ചാത്തൻ എന്ന കഥാപാത്രത്തെ ഇപ്പോൾ വേദിയിലെത്തിക്കുന്നത് അദ്ദേഹത്തിന്റെ മകൻ തോപ്പിൽ പ്രദീപാണ്. 1952 ഡിസംബർ 6ന് കൊല്ലം ചവറ തട്ടാശ്ശേരിയിലായിരുന്നു 'നിങ്ങളെന്നെ കമ്മ്യണിസ്റ്റാക്കി'യുടെ ആദ്യവേദി. 1953 മാർച്ചിൽ സർക്കാർ നാടകം നിരോധിച്ചു. സർക്കാർ വിരുദ്ധ വികാരം വളർത്തുന്നുവെന്നായിരുന്നു ആരോപണം. നിരോധനത്തെ അവഗണിച്ച് അവതരണം തുടർന്നതോടെ കോവളത്ത് വച്ച് എല്ലാ കലാകാരന്മാരെയും അറസ്റ്റ് ചെയ്തു. നിയമയുദ്ധത്തിലൂടെ നിരോധനം നീക്കിയ നാടകം ഇതിനകം പതിനായിരത്തിലധികം വേദികൾ പിന്നിട്ടു കഴിഞ്ഞു.