അങ്കണവാടികളിൽ ബിരിയാണി വിളമ്പി

Wednesday 10 September 2025 1:20 AM IST

ആലപ്പുഴ : അങ്കണവാടിയിൽ ഉപ്പുമാവ് മാറ്റി 'ബിർണാണി" ചോദിച്ച ശങ്കുവിന്റെ ആഗ്രഹം സഫലമായി. കേന്ദ്ര വനിത-ശിശുവികസന മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം കുട്ടികൾക്കാവശ്യമായ ഊർജ്ജവും മാംസ്യവും കണക്കാക്കിയുള്ള പുതുക്കിയ മെനു അങ്കണവാടികളിൽ ഇന്നലെ മുതൽ നടപ്പാക്കിത്തുടങ്ങി.

ദേവികുളങ്ങര പഞ്ചായത്തിലെ ഒന്നാംനമ്പർ അങ്കണവാടിയിലെ വിദ്യാർത്ഥിയായിരുന്ന ദേവികുളങ്ങര പ്രയാർ വടക്ക് പുന്നക്കുഴിയിൽ ശങ്കു എന്ന ത്രിജൽ എസ്. സുന്ദറിന്റെ ആഗ്രഹമാണ് അങ്കണവാടികളിലെ മെനു പരിഷ്ക്കരണത്തിലേക്ക് നയിച്ചത്.

കായംകുളം കരുണ വിദ്യാക്ഷേത്ര ഇന്റർനാഷണൽ സ്കൂളിൽ എൽ.കെ.ജി വിദ്യാർത്ഥിയാണിപ്പോൾ ശങ്കു. എന്നാലും അടുത്ത സ്കൂൾ അവധിദിനത്തിൽ അങ്കണവാടിയിലെത്തി 'ബിർണാണി' രുചിച്ചുനോക്കാനാണ് ശങ്കുവിന്റെ തീരുമാനം. അങ്കണവാടി പ്രവേശനോത്സവം ആരംഭിച്ചതുമുതൽ ചിലയിടങ്ങളിൽ മെനു പരിഷ്ക്കരണം നടത്തിയെങ്കിലും, ജീവനക്കാർക്ക് വിഭവങ്ങൾ തയ്യാറാക്കുന്നതിന് പ്രത്യേക പരിശീലനം നൽകിയശേഷമാണ് ഔദ്യോഗികമായി നടപ്പാക്കിയത്. ആദ്യദിനമായ ഇന്നലെ മുട്ട ബിരിയാണിയാണ് വിതരണം ചെയ്തത്. ഓരോ കുട്ടിക്കും നിശ്ചിത പോഷകമൂല്യം ഉറപ്പാക്കിയുള്ളതാണ് പരിഷ്ക്കരിച്ച മെനു.

പാത്രമില്ല, ഫണ്ടുമില്ല

1. ആലപ്പുഴ നഗരത്തിലെ അങ്കണവാടികളിൽ പച്ചക്കറികൾ വാങ്ങിയ ഇനത്തിൽ നിലവിൽ നാല് മാസത്തെ തുക തദ്ദേശസ്ഥാപനത്തിൽ നിന്ന് ലഭിക്കാനുണ്ടെന്ന് ജീവനക്കാർ 2. ചില സ്ഥലങ്ങളിൽ പഞ്ചായത്തുകളും നഗരസഭയും അങ്കണവാടികളിൽ ബിരിയാണി പാകം ചെയ്യാൻ പാകത്തിനുള്ള പാത്രങ്ങളും മിക്സിയും ഉൾപ്പടെ നൽകിയിട്ടുണ്ട്

3. ഇതൊന്നും ലഭിച്ചിട്ടില്ലാത്ത കേന്ദ്രങ്ങളുമുണ്ട്. ചോറ് വയ്ക്കുന്ന സമ്പുഷ്ടീകരിച്ച അരിയും എണ്ണയും ഉപയോഗിച്ചാണ് ബിരിയാണി ഇവിടങ്ങളിൽ തയ്യാറാക്കുന്നത്

പുതുക്കിയ മെനു

 പാൽ, പിടി, കൊഴുക്കട്ട, ഇലയട, ന്യൂട്രീ ലഡു, റാഗി /അരി അട തുടങ്ങിയവയാണ് പ്രഭാത ഭക്ഷണത്തിലുള്ളത്

 ചോറ്, ചെറുപയർ കറി, ഇലക്കറികൾ, തോരൻ/ഉപ്പേരി, മുട്ടബിരിയാണി/മുട്ട പുലാവ്, ഫ്രൂട്ട് കപ്പ്, പയർ കഞ്ഞി, മുട്ട ഓംലറ്റ്, വെജ് പുലാവ് തുടങ്ങിയവ ഉച്ചഭണത്തിൽ

 പൊതുഭക്ഷണമായി മുളപ്പിച്ച ചെറുപയർ, പരിപ്പ് പായസം, റാഗി അട, ഇഡ്ഡലി, സാമ്പാർ, അവിൽ, ശർക്കര, ഗോതമ്പ് നൂറുക്ക് പുലാവ്, ധാന്യ പായസം തുടങ്ങിയവ

ജില്ലയിൽ അങ്കണവാടികൾ

2150

പാചകത്തിനാവശ്യമായ സാധനങ്ങൾ വാങ്ങുന്നതിന് തദ്ദേശസ്ഥാപനങ്ങളിൽ പദ്ധതിക്കുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ജില്ലയിലെ എല്ലാ അങ്കണവാടികളിലും പുതുക്കിയ മെനു നടപ്പാക്കി

- ജെ.മായാലക്ഷ്മി , ഐ.സി.ഡി.എസ് ജില്ലാ ഓഫീസർ