ഓപ്പറേഷന്‍ ഷൈലോക്കില്‍ വ്യാപക പരിശോധന; 39 ലക്ഷം രൂപ പിടികൂടി പൊലീസ്

Tuesday 09 September 2025 10:43 PM IST

കോട്ടയം: കൊള്ളപ്പലിശക്കാര്‍ക്കെതിരെ കേരള പൊലീസ് നടത്തുന്ന ഓപ്പറേഷന്‍ ഷൈലോക്കില്‍ വ്യാപക പരിശോധന. അനധികൃതമായി പണമിടപാട് നടത്തുകയും കൊള്ളപ്പലിശ ഈടാക്കുകയും ഭീഷണി ഉയര്‍ത്തുകയും ചെയ്യുന്നവരെ പിടികൂടുകയെന്ന ലക്ഷ്യത്തോടെയാണ് എറണാകുളം റെയ്ഞ്ച് ഡിഐജിയുടെ നിര്‍ദേശപ്രകാരമാണ് പരിശോധന ആരംഭിച്ചത്. എറണാകുളം റൂറല്‍, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലായി നടത്തിയ പരിശോധനയില്‍ 22 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

കോട്ടയം 9, ഇടുക്കി 5, എറണാകുളം റൂറല്‍ 4, ആലപ്പുഴ 4 എന്നിങ്ങനെയാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. അതീവ രഹസ്യമായി ചൊവ്വാഴ്ച രാവിലെ ഏഴുമണിക്ക് ആരംഭിച്ച പരിശോധന വൈകിയും തുടരുകയാണ്. രണ്ടായിരത്തോളം ഉദ്യോഗസ്ഥരാണ് പരിശോധനയില്‍ പങ്കെടുക്കുന്നത്.പണം അമിത പലിശയ്ക്ക് കൊടുക്കുന്നവരെ ലക്ഷ്യമിട്ടാണ് പോലീസിന്റെ നീക്കം. അനധികൃത പലിശ ഇടപാടുകളിലൂടെ സമ്പാദിച്ച 39 ലക്ഷത്തോളം രൂപ പിടികൂടി.

7 കാറുകള്‍, 13 ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പടെ 26 വാഹനങ്ങള്‍, 62 മുദ്രപ്പത്രങ്ങള്‍, 8 പ്രോമിസറിനോട്ടുകള്‍, 86 ആര്‍ സി ബുക്കുകള്‍, റവന്യു സ്റ്റാമ്പ് പതിപ്പിച്ച എഗ്രിമെന്റുകള്‍, പാസ്പോര്‍ട്ടുകള്‍, 17 ആധാരങ്ങള്‍ കൂടാതെ മറ്റ് രേഖകളുമുള്‍പ്പെടെ അനധികൃതമായി കൈവശം വച്ചിരുന്ന രേഖകളും ആസ്തികളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

കോട്ടയം ഗാന്ധിനഗര്‍ സ്റ്റേഷന്‍ പരിധിയില്‍ ആര്‍പ്പൂക്കര വില്ലേജില്‍ ആര്‍പ്പൂക്കര ഈസ്റ്റ് അങ്ങാടിപ്പള്ളി ഭാഗത്ത് ഓടങ്കല്‍ വീട്ടില്‍ കമാല്‍ എ. എന്നയാളുടെ വീട്ടില്‍ നിന്നു മാത്രമായി അനധികൃത ഇടപാടുകള്‍ക്കായി സൂക്ഷിച്ച 20,07,400 രൂപ പൊലീസ് കണ്ടെടുത്തു. ഇതിന് പുറമെ ഇയാളുടെ കൈവശമുണ്ടായിരുന്ന നിരവധി രേഖകളും ഒരു ഇന്നോവ കാറും 4 ടൂ വീലറുകളും ഗാന്ധിനഗര്‍ പൊലീസ് പിടിച്ചെടുത്തു.