കേരളകൗമുദി- കൗമുദി ടിവി ഓണം എക്സ്ട്രീം 2025,​ നഗരത്തെ സംഗീതത്തിൽ ത്രസിപ്പിച്ച് സുദീപും സംഘവും

Wednesday 10 September 2025 1:59 AM IST

തിരുവനന്തപുരം: തലസ്ഥാന നഗരത്തെ സംഗീതത്തിൽ അലിയിച്ച് ഗായകൻ സുദീപ് കുമാറും സംഘവും. ഓണം വാരാഘോഷത്തിന് കൊട്ടിക്കലാശമായി കേരളകൗമുദി - കൗമുദി ടിവി സെൻട്രൽ സ്റ്റേഡിയത്തിലൊരുക്കിയ മ്യൂസിക് ബാൻഡിലാണ് പ്രേക്ഷകരുടെ മനസിൽ സംഗീതം നിറച്ചത്. വ്യത്യസ്ത ശബ്ദാനുകരണത്തിലൂടെ അശ്വന്ത് അനിൽകുമാറിന്റെ മാസ്മരിക പ്രകടനങ്ങളും കാണികളുടെ കൈയടികൾ ഏറ്റുവാങ്ങി. ഗായകൻ സുദീപ് കുമാർ, സൗമ്യ രാമകൃഷ്ണൻ, ആതിര ജനകൻ, ഷാൻ ആൻഡ് ഷാ, സജീവ് സ്റ്റാൻലി, അശ്വതി നായർ തുടങ്ങിയവർ വിവിധ ഗാനങ്ങളുമായി വേദിയിലെത്തിയപ്പോൾ 42 ചലച്ചിത്ര താരങ്ങളുടെ ശബ്ദം അനുകരിച്ചുകൊണ്ട് അശ്വന്ത് അനിൽകുമാർ വേദി കീഴടക്കി. ഇവയ്ക്കൊപ്പം കൊച്ചി ഷാഡോസ് ടീമിന്റെ നൃത്തങ്ങളും രംഗത്തെത്തിയതോടെ സംഗീത സായാഹ്നം കളറായി. ന്യൂ രാജസ്ഥാൻ മാർബിൾസ്, ഹമാരാ ചോയിസ്, രാജധാനി ഗ്രൂപ്പ്, ജ്യോതിസ് സെൻട്രൽ സ്‌കൂൾ, നിഷ് കന്യാകുമാരി, കൈരളി ജുവലേഴ്സ്, സപ്ലൈകോ, കേരള ഭാഗ്യക്കുറി, മിൽമ എന്നിവരുടെ സഹകരണത്തോടെയാണ് കേരളകൗമുദി- കൗമുദി ടിവി ഓണം എക്സ്ട്രീം സംഘടിപ്പിച്ചത്. 92.7 ബിഗ് എഫ്.എമ്മാണ് റേഡിയോ പാർട്ണർ.