സി.പി.ഐ വേദി കതിർ മണ്ഡപമായി: പ്രശാന്തിന് ജീവിതത്തിലും സീറ്റ് നൽകി ചിഞ്ചു

Wednesday 10 September 2025 1:41 AM IST

ആലപ്പുഴ: ട്രെയിനിൽ സീറ്റ് നൽകിയ സഹയാത്രികയോട് തോന്നിയ പ്രണയം പൂവണിഞ്ഞത് സി.പി.ഐ സംസ്ഥാന സമ്മേളനത്തിലെ നാടകവേദിയിൽ. മൂവാറ്റുപുഴ സ്വദേശി പ്രശാന്ത് തൃക്കളത്തൂരും (40) കൊല്ലം സ്വദേശിനി ചിഞ്ചുവും (33) പരിചയപ്പെട്ടത് ഒന്നരവർഷം മുമ്പ്. അന്നു മൊട്ടിട്ട പ്രണയമാണ് പൂവണിഞ്ഞത്. പ്രൊഫഷണൽ നാടക നടനാണ് പ്രശാന്ത്. കൊല്ലം സ്വദേശിയായ ചിഞ്ചു നഴ്സാണ്.

ഒന്നര വർഷംമുമ്പ് തിരുവനന്തപുരത്തുള്ള സുഹൃത്തിന്റെ വിവാഹത്തിനായി എറണാകുളത്തു നിന്ന് ട്രെയിനിൽ കയറിയതായിരുന്നു പ്രശാന്ത്. ഇരിക്കാൻ ചിഞ്ചു സീറ്റ് നൽകി. യാത്രയിൽ ഇരുവരും പരിചയപ്പെട്ടു. കൊല്ലം അടുക്കാറായപ്പോൾ പ്രശാന്ത്,​ ചിഞ്ചുവിനോട് ചോദിച്ചു: ഇന്ന് തന്ന സീറ്റ് ജീവിതത്തിലുംതരുമോ? ഒരു നിമിഷം ആശങ്കയിലായെങ്കിലും ചിഞ്ചു പെട്ടെന്ന്​ സമ്മതം മൂളി. തുടർന്ന് സോഷ്യൽ മീഡിയയിലൂടെയായിരുന്നു ആശയവിനിമയം.

ഒരാഴ്ച മുമ്പാണ് സി.പി.ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായ നാടകവേദിയിൽ വിവാഹിതരാകാമെന്ന് തീരുമാനിച്ചത്. തുടർന്ന് ചിഞ്ചു നവവധുവായി ഇന്നലെ ആലപ്പുഴ ബീച്ചിലെ നാടകവേദിയിലെത്തി. പ്രശാന്ത് 'തേവൻ" എന്ന കേന്ദ്ര കഥാപാത്രമായ 'ഷെൽട്ടർ" എന്ന നാടകം അവതരിപ്പിച്ച ശേഷമായിരുന്നു വിവാഹം. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രശാന്തിന് വധുവിന്റെ കരം പിടിച്ചു നൽകി. ഇരുവരും രക്തഹാരം അണിയിച്ചു.

പ്രശാന്തിന്റെ കുടുംബ ക്ഷേത്രമായ പള്ളിമറ്റം ഭഗവതി ക്ഷേത്രത്തിൽ വച്ച് ഇന്ന് ചിഞ്ചുവിന് താലി ചാർത്തും. മൂവാറ്റുപുഴ പുതുമനക്കാട് ശശിധരന്റെയും സരോജനിയുടെയും മകനാണ് പ്രശാന്ത്.