സ്ത്രീകൾക്കെതിരായ അതിക്രമം; ഈ വർഷം റിപ്പോർട്ട് ചെയ്തത് 1,089 കേസുകൾ
മലപ്പുറം: ജില്ലയിൽ ഈ വർഷം സെപ്തംബർ ഒന്ന് വരെ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്തത് 1,089 പരാതികളെന്ന് ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ വ്യക്തമാക്കുന്നു. 2021 മുതലുള്ള കണക്കെടുത്താൽ ഓരോ വർഷവും കേസുകളുടെ എണ്ണത്തിൽ വർദ്ധനവാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. സ്ത്രീധനത്തിന്റെ പേരിലുള്ള മരണം, ഭർത്താവിൽ നിന്നും ബന്ധുക്കളിൽ നിന്നുമുള്ള ക്രൂരമായ പീഡനം എന്നിവയുമായി ബന്ധപ്പെട്ട് 716 കേസുകളാണ് ഈ വർഷം രജിസ്റ്റർ ചെയ്തിട്ടുള്ളത്. സ്ത്രീകളെ തട്ടിക്കൊണ്ട് പോയതുമായി ബന്ധപ്പെട്ട 10 കേസുകളും സ്ത്രീകളെ ശല്യം ചെയ്തതുമായ ബന്ധപ്പെട്ട 28 കേസുകളും റിപ്പോർട്ട് ചെയ്തു. സ്ത്രീകൾക്കെതിരായ മറ്റ് അതിക്രമങ്ങളുമായി ബന്ധപ്പെട്ട് 335 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 11,036 കേസുകളാണ് സംസ്ഥാനത്ത് ഈ വർഷം സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
മദ്യപാന ശീലം, മയക്കുമരുന്ന് ഉപയോഗം, ഇന്റർനെറ്റ് ദുരുപയോഗം, മൊബൈൽ ഫോൺ ദുരുപയോഗം എന്നിവ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിലെ പ്രധാന കാരണങ്ങളാണ്. കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റി, ജനമൈത്രി പൊലീസ് സ്റ്റേഷൻ, നിലവിലുള്ള നിയമ സംവിധാനം എന്നിവയെക്കുറിച്ചുള്ള വ്യക്തമായ അവബോധം സ്ത്രീകളിലേക്ക് കൃത്യമായി എത്തിക്കുന്നത് കുറ്റകൃത്യങ്ങളെ നിയമപരമായി നേരിടാൻ അവരെ പ്രാപ്തരാക്കുന്നുണ്ട്. പരാതികൾ നൽകുന്നത് വർദ്ധിച്ചതാണ് കേസുകളിലെ വർദ്ധനവിന് കാരണം. നേരത്തെ, പലരും പരാതികൾ നൽകാൻ മുന്നോട്ട് വന്നിരുന്നില്ല. നിയമനടപടികളിൽ കാലതാമസം വരുമെന്ന ധാരണയും കുടുംബത്തിൽ നിന്നുള്ള എതിർപ്പും കേസുകൾ രജിസ്റ്റർ ചെയ്യുന്നതിൽ നിന്നും സ്ത്രീകളെ പിന്നോട്ട് വലിച്ചിരുന്നു.
ആകെ കേസുകൾ
2021 - 1,457 2022 - 1,795 2023 - 1,797 2024 - 2,068
2025-1,089