സി.പി. രാധാകൃഷ്‌ണൻ ഉപരാഷ്ട്രപതി: എൻ.ഡി.എ- 452, ഇന്ത്യ മുന്നണി- 300

Wednesday 10 September 2025 1:47 AM IST

ന്യൂഡൽഹി: തമിഴ്നാട്ടുകാരനും മഹാരാഷ്ട്ര ഗവർണറുമായ സി.പി. രാധാകൃഷ്‌ണനെ ഇന്ത്യയുടെ 15-ാമത് ഉപരാഷ്ട്രപതിയായി തിരഞ്ഞെടുത്തു. എൻ.ഡി.എ സ്ഥാനാർത്ഥിയായിരുന്ന രാധാകൃഷ്‌ണൻ 'ഇന്ത്യ" മുന്നണി സ്ഥാനാർത്ഥി ജസ്റ്റിസ് ബി. സുദർശൻ റെഡ്ഡിയെ 152 വോട്ടുകൾക്കാണ് തോൽപ്പിച്ചത്. സി.പി. രാധാകൃഷ്‌ണൻ 452 വോട്ടും സുദർശൻ റെഡ്ഡിക്ക് 300 വോട്ടും ലഭിച്ചു.

പാർലമെന്റിലെ ഇരുസഭകളിലെയും 781 എം.പിമാരിൽ 767 പേർ വോട്ടിട്ടു. 14 പേർ എത്തിയില്ല. ഏഴ് എം.പിമാരുള്ള ബി.ജെ.‌ഡിയും, നാല് അംഗങ്ങളുള്ള ബി.ആർ.എസും വിട്ടുനിന്നു. എൻ.ഡി.എയുടെ 422 ഉം, വൈ.എസ്.ആർ കോൺഗ്രസിന്റെ 11 ഉം എം.പിമാർ ചേരുമ്പോൾ 433 വോട്ട് രാധാകൃഷ്‌ണന് ലഭിക്കുമെന്ന് ഉറപ്പായിരുന്നു. എന്നാൽ 19 വോട്ട് അധികം നേടിയത് 'ഇന്ത്യ" മുന്നണിയിൽ നിന്നാണെന്നാണ് വിലയിരുത്തൽ. 15 വോട്ടുകൾ അസാധുവായി. പ്രതിപക്ഷത്തെ 315 എം.പിമാരും ഒറ്റക്കെട്ടായി വോട്ടിട്ടെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് പ്രതികരിച്ചിരുന്നു. എന്നാൽ രാത്രി ഏഴര മണിയോടെ ഫലം പ്രഖ്യാപിച്ചപ്പോൾ തങ്ങളുടെ സ്ഥാനാർത്ഥിക്ക് 300 വോട്ടു മാത്രം ലഭിച്ചത് 'ഇന്ത്യ" മുന്നണിയെ ഞെ‌ട്ടിച്ചു. 'കോയമ്പത്തൂരിലെ വാജ്‌പേയ്" എന്നാണ് സി.പി. രാധാകൃഷ്‌ണൻ അറിയപ്പെടുന്നത്.

 ക്യൂവിൽ വലഞ്ഞ് എം.പിമാർ

രാവിലെ ഒൻപത് മുതൽ വോട്ട് ചെയ്യാൻ കേരളത്തിൽ നിന്നുള്ള എം.പിമാർ ഉൾപ്പെടെ എത്തിത്തുടങ്ങിയിരുന്നു. 10 മുതൽ വൈകിട്ട് 5 വരെയായിരുന്നു വോട്ടെടുപ്പ്. 10 മണിയോടെ വലിയ ക്യൂ രൂപപ്പെട്ടു. സജ്ജീകരണങ്ങളിലെ പോരായ്‌മയിൽ പല എം.പിമാരും പരാതിപ്പെട്ടു. നാലു ടേബിൾ ഒരുക്കിയിരുന്നെങ്കിലും ക്യൂ സിംഗിൾ ലൈനായിരുന്നു.