എരിതീയിൽ നേപ്പാൾ: പ്രധാനമന്ത്രി രാജിവച്ച് ദുബായിലേക്ക് കടന്നു

Wednesday 10 September 2025 1:54 AM IST

കാഠ്മണ്ഡു: സമൂഹ മാദ്ധ്യമ വിലക്കിനെതിരെ നേപ്പാളിൽ യുവജനങ്ങൾ (ജെൻ-സി) തുടങ്ങിയ പ്രക്ഷോഭം കൈവിട്ട തീക്കളിയായി. വിലക്ക് പിൻവലിച്ചിട്ടും തെരുവിൽ താണ്ഡവമാടുന്ന പ്രക്ഷോഭകർ ഭരണ, പ്രതിക്ഷഭേദമന്യേ രാഷ്ട്രീയക്കാരേയും കുടുംബാംഗങ്ങളെയുമടക്കം ആക്രമിച്ചു. പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടേയും വീടുകൾ കത്തിച്ചു. മുൻ പ്രധാനമന്ത്രി ജലാനാഥ് ഖനാലിന്റെ ഭാര്യ രാജ്യലക്ഷ്മി ചിത്രാകാറിനെ കാഠ്മണ്ഡുവിലെ ദല്ലു മേഖലയിലെ അവരുടെ വസതിയിൽ ചുട്ടുകൊന്നു. പാർലമെന്റ്, സുപ്രീംകോടതി മന്ദിരങ്ങൾക്ക് തീയിട്ടു. ധനമന്ത്രി ബിഷ്ണു പ്രസാദ് പൗഡലിനെ തെരുവിൽ ജനം ഓടിച്ചിട്ട് തല്ലിച്ചതച്ചു. തലസ്ഥാനമായ കാഠ്മണ്ഡുവിൽ യുദ്ധസമാനമായ സാഹചര്യമാണ്. മരണം 24 ആയി.

യുവരോഷത്തിൽ പിടിച്ചു നിൽക്കാനാവാതെ പ്രധാനമന്ത്രി കെ.പി. ശർമ്മ ഒലി രാജിവച്ച് ദുബായിലേക്ക് രക്ഷപ്പെട്ടു. പ്രസിഡന്റ് രാംചന്ദ്ര പൗഡലും രാജിവച്ചതായി വാർത്ത പരന്നെങ്കിലും സൈന്യം നിഷേധിച്ചു. ഭരണം പ്രതിസന്ധിയിലായതോടെ ക്രമസമാധാനവും സുരക്ഷയും സൈന്യം ഏറ്റെടുത്തു.

ആഭ്യന്തരമന്ത്രി രമേശ് ലേഖക്, മുൻ പ്രധാനമന്ത്രിമാരായ പുഷ്പ കമൽ ദാഹൽ പ്രചണ്ഡ, ഷേർ ബഹദൂർ ദ്യൂബ, കമ്മ്യൂണിക്കേഷൻ മന്ത്രി പൃഥ്വി സുബ്ബ ഗുരുംഗ് തുടങ്ങിയവരുടെ വീടുകൾക്കും തീയിട്ടു. മന്ത്രിമാരെ സൈന്യം ഹെലികോപ്ടറിൽ രക്ഷിച്ചു. കാഠ്മണ്ഡു ത്രിഭുവൻ വിമാനത്താവളം അടച്ചു.

ബാലേൻഷായെ പ്രധാനമന്ത്രിയാക്കണമെന്ന് പ്രക്ഷോഭകർ

മുൻ പ്രധാനമന്ത്രി ഷേർ ബഹദൂർ ദ്യൂബയുടെ വസതിയിലേക്ക് ഇരച്ചുകയറിയ പ്രതിഷേധക്കാർ അദ്ദേഹത്തെയും ഭാര്യ അർസുവിനെയും ആക്രമിച്ചു. രാഷ്ട്രീയ പാർട്ടികളുടെ ഓഫീസുകൾ കൊള്ളയടിച്ചു. കാഠ്മണ്ഡുവിൽ മൂന്ന് പൊലീസുകാരെ പ്രക്ഷോഭകർ അടിച്ചുകൊന്നു. ഗൗതം ബുദ്ധ അന്താരാഷ്ട്ര വിമാനത്താവളം ആക്രമിച്ചു. നിരവധി സർക്കാർ, സുരക്ഷാ വാഹനങ്ങൾ കത്തിച്ചു. ലളിത്പൂരിലെ നാഖു ജയിലിലെ 1,500 തടവുകാർ പുറത്തുചാടി.

അതേസമയം കാഠ്മണ്ഡു മേയർ ബാലേൻഷായെ പ്രധാനമന്ത്രിയാക്കണമെന്ന് പ്രക്ഷോഭകാരികൾ ആവശ്യപ്പെടുന്നു. എന്നാൽ, നിലവിലെ കാബിനറ്റ് ഭരണം തുടരുമെന്നാണ് പ്രസിഡന്റ് പറയുന്നത്.

മലയാളികളെ

തിരിച്ചെത്തിക്കും

ബീഹാർ, യു.പി, പശ്‌ചിമ ബംഗാൾ അടക്കം നേപ്പാൾ അതിർത്തിയോട് ചേർന്ന സംസ്ഥാനങ്ങളിൽ സുരക്ഷ ശക്തമാക്കി.

 ഇന്ത്യക്കാർ നേപ്പാൾ യാത്ര ഒഴിവാക്കണമെന്ന് വിദേശകാര്യ മന്ത്രാലയം. അവിടെയുള്ളവർ പുറത്തിറങ്ങരുത്.

 കാഠ്മണ്ഡുവിൽ അകപ്പെട്ട 40 മലയാളികളെ തിരിച്ചെത്തിക്കാൻ ശ്രമം തുടങ്ങിയെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ.

നേപ്പാൾ അതിർത്തി അടച്ചതിനെ തുടർന്ന് ചൈനയിലെ ഡാർചനിൽ കുടുങ്ങിയ മലയാളികളടക്കം 3000ലധികം കൈലാസ് മാനസ സരോവർ യാത്രികരെ സുരക്ഷിതരായി നാട്ടിലെത്തിക്കും