മുഖ്യമന്ത്രി മൂത്ത സഹോദരൻ: ഗവർണർ

Wednesday 10 September 2025 1:00 AM IST

തിരുവനന്തപുരം:പ്രൗഡ ഗംഭീരവും ശബളാഭവുമായ ഘോഷയാത്രയോടെ ,തലസ്ഥാനത്ത് ഏഴ് ദിവസം നീണ്ടു നിന്ന സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിന് സമാപനം. വാരാഘോഷത്തിന്‌ സമാപനം കുറിച്ചു കൊണ്ടുള്ള ഘോഷയാത്ര ഗവർണർ രാജേന്ദ്ര ആർലേക്കർ മാനവീയം വീഥിയിൽ ഫ്ലാഗ്‌ ഓഫ്‌ ചെയ്തു.

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ സംസ്ഥാനം കൂടുതൽ മുന്നോട്ട്‌ കുതിക്കട്ടെയെന്ന്‌ ഗവർണർ പറഞ്ഞു.മുഖ്യമന്ത്രി തന്റെ മൂത്ത സഹോദരനാണ്. നമ്മുടെ സംസ്‌കാരത്തിന്റെയും ഒരുമയുടെയും കാഴ്‌ചയാണ്‌ ഇ‍ൗ ആഘോഷങ്ങൾ. തന്നെ ചടങ്ങിലേക്ക്‌ ക്ഷണിച്ച സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കും നന്ദി അറിയിക്കുന്നതായും ഗവർണർ പറഞ്ഞു. 'നിങ്ങൾ എനിക്ക് നൽകുന്ന സ്‌നേഹാദരങ്ങൾ ഏറ്റുവാങ്ങാനായാണ് ഇവിടെ എത്തിയത്. മുഖ്യമന്ത്രിയും സർക്കാറിലെ മറ്റ് ഉന്നതരും എന്നെ പരിപാടിയിലേക്ക് ക്ഷണിച്ചതിൽ വലിയ സന്തോഷമുണ്ട്. എല്ലാവർക്കും സമൃദ്ധമായ ഒരു വർഷമുണ്ടാകട്ടെ'- ഗവർണർ ആശംസിച്ചു.

51 കലാകാരന്മാരുടെ ശംഖ് വിളിയോടെയാണ് പരിപാടികൾ ആരംഭിച്ചത്.വിവിധ

വകുപ്പുകളുടെ 59 ഫ്ളോട്ടുകൾ,വിവിധ കലാരൂപങ്ങൾ,വാദ്യ താള മേളങ്ങൾ എന്നിവ ഘോഷയാത്രയുടെ മാറ്റ് കൂട്ടി. ഘോഷയാത്ര വീക്ഷിക്കാൻ കഴിഞ്ഞ തവണത്തേക്കൾ കാണികളെത്തി.മുഖ്യമന്ത്രി പിണറായി വിജയനും ഫ്ലാഗ്‌ ഓഫ്‌ ചടങ്ങിന്റെ ഭാഗമായി. മന്ത്രി

വി. ശിവൻകുട്ടി അദ്ധ്യക്ഷനായി. മന്ത്രിമാരായ പി.എ .മുഹമ്മദ്‌ റിയാസ്‌, ജി .ആർ .അനിൽ, രാമചന്ദ്രൻ കടന്നപ്പള്ളി, എംഎൽഎമാരായ വി. ജോയി, ഡി .കെ .മുരളി, ജി .സ്റ്റീഫൻ,

ഐ .ബി .സതീഷ്‌, വി .കെ .പ്രശാന്ത്‌, ആന്റണി രാജു, മേയർ ആര്യ രാജേന്ദ്രൻ, കളക്‌ടർ അനുകുമാരി, ടൂറിസം ഡയറക്‌ടർ ശിഖ സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.