അനുമതിയില്ലാതെ ചിത്രങ്ങൾ പരസ്യത്തിന് ഉപയോഗിച്ചു; ഐശ്വര്യ റായ്

Wednesday 10 September 2025 12:24 AM IST

ന്യൂഡൽഹി: അനുമതിയില്ലാതെ തന്റെ ചിത്രങ്ങൾ പരസ്യത്തിന് ഉപയോഗിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ബോളിവുഡ് താരം ഐശ്വര്യ റായ് ബച്ചൻ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. അനുമതിയില്ലാതെ തന്റെ പേര്,ചിത്രം എന്നിവ ഉപയോഗിക്കുന്നതിൽ നിന്ന് ഡിജിറ്റൽ പ്ലാറ്റ്ഫോമുകളെ അടക്കം വിലക്കണം. എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച അശ്ലീല ഉള്ളടക്കങ്ങളും പ്രചരിക്കുന്നു. ഇക്കാര്യത്തിൽ ഹൈക്കോടതി ഇടപെടലുണ്ടാകണമെന്നും,വ്യക്തിയെന്ന നിലയിലുള്ള അവകാശങ്ങൾ സംരക്ഷിക്കണമെന്നും ഐശ്വര്യ റായിയുടെ ഹർജിയിൽ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ ഇടക്കാല ഉത്തരവിടുമെന്ന് ജസ്റ്റിസ് തേജസ് കരിയ സൂചന നൽകി. ഇത്തരത്തിൽ താരത്തിന്റെ ചിത്രങ്ങളും പൊതു സ്വീകാര്യതയും ദുരുപയോഗിക്കാൻ ആർക്കും അവകാശമില്ല. നടിയുടെ പേരും മുഖവും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലിട്ട് പണം സമ്പാദിക്കുന്നത് അനുവദിക്കാനാകില്ലെന്നും ജഡ‌്‌ജി കൂട്ടിച്ചേർത്തു. ഉള്ളടക്കങ്ങൾ നീക്കാൻ ഗൂഗിളിന് അടക്കം നി‌ർദ്ദേശം നൽകുമെന്ന് സൂചന നൽകിയ ഹൈക്കോടതി, 2026 ജനുവരി 15ന് വിഷയത്തിൽ വാദം കേൾക്കും

കരിഷ്‌മയുടെ മക്കൾ

കോടതിയിൽ

പിതാവിന്റെ സ്വത്തിൽ നിന്ന് വീതം ആവശ്യപ്പെട്ട് ബോളിവുഡ് നടി കരിഷ്‌മ കപൂറിന്റെ മക്കൾ ഡൽഹി ഹൈക്കോടതിയിൽ. അന്തരിച്ച വ്യവസായി സുൻജയ് കപൂറിന്റെ 30,000 കോടിയുടെ സ്വത്തിലാണ് രണ്ടു കുട്ടികളും അവകാശമുന്നയിച്ചത്. സുൻജയ് കപൂറിന്റെ മൂന്നാമത്തെ ഭാര്യയായ പ്രിയാ കപൂർ വിൽപത്രത്തിൽ തിരിമറി നടത്തി സ്വത്ത് കൈക്കലാക്കി വച്ചിരിക്കുകയാണെന്നാണ് ആരോപണം. വ്യവസായിയുടെ രണ്ടാമത്തെ ഭാര്യയായിരുന്നു കരിഷ്‌മ. 2016ൽ കരിഷ്‌മയും സുൻജയ് കപൂറും വിവാഹമോചിതരായി. ഇക്കഴിഞ്ഞ ജൂൺ 12നാണ് വ്യവസായി യു.കെയിൽ അന്തരിച്ചത്. തൊണ്ടയിൽ തേനീച്ച കുത്തിയതിനു പിന്നാലെ ഹൃദയാഘാതമുണ്ടായി. ഈ മരണം വലിയതോതിൽ ചർച്ചയായി.