സിയാച്ചിൻ ക്യാമ്പിൽ ഹിമപാതം; 3 സൈനികർക്ക് ദാരുണാന്ത്യം

Wednesday 10 September 2025 12:46 AM IST

ലഡാക്ക്: ലഡാക്കിലെ സിയാച്ചിൻ ബേസ് ക്യാമ്പിൽ ഇന്നലെയുണ്ടായ ഹിമപാതത്തിൽ മൂന്ന് സൈനികർക്ക് ദാരുണാന്ത്യം.

ശിപായി മോഹിത് കുമാർ, അഗ്നിവീർ നീരജ് കുമാർ ചൗധരി, അഗ്നിവീർ ധാഭി രാകേഷ് ദേവഭായ് എന്നിവരാണ് മരിച്ചത്. ഒരു കരസേനാ ക്യാപ്റ്റനെ രക്ഷപ്പെടുത്തി. കാണാതായവർക്കായി സൈന്യം രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കി. നിയന്ത്രണരേഖയുടെ വടക്കേ അറ്റത്ത് 20,000 അടി ഉയരത്തിലാണ് ഹിമപാതമുണ്ടായത്. മഹാർ റെജിമെന്റിൽ ഉൾപ്പെട്ട ഗുജറാത്ത്, ഉത്തർപ്രദേശ്, ജാർഖണ്ഡ് സ്വദേശികളായ സൈനികരാണ് അപകടത്തിൽ മരിച്ചത്. അഞ്ച് മണിക്കൂറോളം ഇവർ ഹിമപാതത്തിൽ കുടുങ്ങി.

അതേസമയം, അപകടം പെട്ടെന്നാണ് സംഭവിച്ചതെന്നും ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചെന്നും പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. ക്യാമ്പിലുണ്ടായിരുന്ന മറ്റ് സൈനികരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.

നിയന്ത്രണരേഖയുടെ വടക്കേ അറ്റത്ത് 20,000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സിയാച്ചനിൽ ഹിമപാതങ്ങൾ പതിവാണ്. ഇവിടുത്തെ താപനില സ്ഥിരമായി -60 ഡിഗ്രി സെൽഷ്യസ് വരെ എത്താറുണ്ട്. 2021ൽ സിയാച്ചിനിൽ ഹനീഫ് ഉപമേഖലയിലുണ്ടായ ഹിമപാതത്തിൽ രണ്ട് സൈനികർ മരിച്ചിരുന്നു. ആറു മണിക്കൂർ നീണ്ട പരിശ്രമത്തിലാണ് മറ്റ് സൈനികരെയും പോർട്ടർമാരെയും രക്ഷപ്പെടുത്തിയത്. 2019ലെ ഹിമപാതത്തിൽ നാല് സൈനികരും രണ്ട് പോർട്ടർമാരുമാണ് മരിച്ചത്. 18,000 അടി ഉയരത്തിലുള്ള ഒരു പോസ്റ്റിന് സമീപം പട്രോളിംഗ് നടത്തുകയായിരുന്ന എട്ട് സൈനികരുടെ സംഘത്തിന് നേരെയാണ് ഹിമപാതമുണ്ടായത്.

2022ൽ അരുണാചൽ പ്രദേശിലെ കമെ‌ംഗ് സെക്ടറിൽ ഏഴ് സൈനികർ മരിച്ച ഹിമപാതത്തിലാണ് ഏറ്റവുമധികം മരണങ്ങൾ സംഭവിച്ചത്. മൂന്ന് ദിവസത്തിന് ശേഷം സൈനികരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. അതേസമയം, സിയാച്ചിൻ ഹിമാപാതകളിലും കാശ്മീരിലെയും വടക്കുകിഴക്കൻ മേഖലയിലെയും ഉയർന്ന പ്രദേശങ്ങളിലെ ഹിമപാതങ്ങളിലും മണ്ണിടിച്ചിലിലും നിരവധി സൈനികർ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് സ്വീഡിഷ് സ്ഥാപനത്തിൽ നിന്ന് 20 ഹിമപാത രക്ഷാസംവിധാനങ്ങൾ സൈന്യം വാങ്ങിയിരുന്നു.