പ്രളയ ബാധിത സ്ഥലങ്ങൾ സന്ദർശിച്ച് മോദി ഹിമാചലിന് 1,500 കോടിയും പഞ്ചാബിന് 1,600 കോടിയും പ്രഖ്യാപിച്ചു
ന്യൂഡൽഹി: പ്രളയം ബാധിച്ച ഹിമാചൽപ്രദേശിനും പഞ്ചാബിനും ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മിന്നൽ പ്രളയവും മണ്ണിടിച്ചിലും നാശം വിതച്ച ഹിമാചൽപ്രദേശിന് 1,500 കോടിയും പ്രളയം രൂക്ഷമായി ബാധിച്ച പഞ്ചാബിന് 1,600 കോടിയുമാണ് പ്രധാനമന്ത്രി ധനസഹായമായി പ്രഖ്യാപിച്ചത്. ഇത് കൂടാതെ ദുരന്തങ്ങളിൽ മരിച്ചവർക്ക് രണ്ടുലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം നൽകും. ഹിമാചൽ പ്രദേശിലും പഞ്ചാബിലും വ്യോമ നിരീക്ഷണം നടത്തിയ ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. കൂടാതെ എസ്.ഡി.ആർ.എഫിന്റെയും പി.എം കിസാൻ സമ്മാന നിധിയുടെയും രണ്ടാം ഗഡു മുൻകൂറായി അനുവദിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഇരു സംസ്ഥാനങ്ങളും സന്ദർശിച്ച പ്രധാനമന്ത്രി ദുരന്തബാധിതരുമായും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത എൻ.ഡി.ആർ.എഫ്, എസ്.ഡി.ആർ.എഫ് സംഘങ്ങളുമായും ചർച്ച നടത്തി.
അതേസമയം, പ്രധാനമന്ത്രി ആവാസ് യോജന വഴി വീടുകൾ പുനർനിർമ്മിക്കൽ, ദേശീയ പാതകളുടെ പുനഃസ്ഥാപനം, സ്കൂളുകളുടെ പുനർനിർമ്മാണം, പി.എം.എൻ.ആർ.എഫ് പ്രകാരം ആശ്വാസം നൽകൽ, കന്നുകാലികൾക്ക് മിനി കിറ്റുകൾ വിതരണം ചെയ്യൽ തുടങ്ങി നിരവധി മാർഗങ്ങളിലൂടെയാണ് ഇവ നടപ്പാക്കുക. നിലവിൽ വൈദ്യുതി കണക്ഷനുകൾ ഇല്ലാത്ത കർഷകരെ ലക്ഷ്യം വച്ചുള്ള അധിക സഹായം നൽകും.
അതിനിടെ നാശനഷ്ടത്തിന്റെ വ്യാപ്തി വിലയിരുത്തുന്നതിനായി ഇരു സംസ്ഥാനങ്ങളും സന്ദർശിക്കാൻ കേന്ദ്ര സർക്കാർ അന്തർ-മന്ത്രാലയ സംഘങ്ങളെ അയച്ചു. അവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ഇനി കൂടുതൽ സഹായം പരിഗണിക്കുകയെന്ന് അധികൃതർ അറിയിച്ചു. പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവരുടെ കുടുംബാംങ്ങളെയും പ്രധാനമന്ത്രി സന്ദർശിച്ചു.
കുളുവിൽ
മേഘവിസ്ഥോടനം
ഹിമാചൽ പ്രദേശിൽ വീണ്ടും മേഘവിസ്‌ഫോടനം. നാല് മരണം. മൂന്ന് പേർക്ക് പരിക്കേറ്റു. ഒരാളെ കാണാതായി. ഇയാൾക്കായി തെരച്ചിൽ തുടരുകയാണ്. തിങ്കളാഴ്ച രാത്രി കുളുവിലെ നിർമണ്ട് മേഖലയിലാണ് മേഘവിസ്‌ഫോടനം ഉണ്ടായത്. മരിച്ചവർ നാലുപേരും ഒരു കുടുംബത്തിലെ അംഗങ്ങളാണ്.