മന്ത്രിമാർ നിരന്തരം ശല്യം ചെയ്യുന്നു: പരാതിയുമായി വനിതാ എം.എൽ.എ
പുതുച്ചേരി: സ്വന്തം മുന്നണിയിലെ രണ്ടു മന്ത്രിമാർക്കെതിരെ സ്‌പീക്കർക്ക് പരാതി നൽകി പുതുച്ചേരി എം.എൽ.എയും മുൻ ഗതാഗത മന്ത്രിയുമായ ചന്ദിര പ്രിയങ്ക. രണ്ടുപേരും തന്നെ നിരന്തരം ശല്യം ചെയ്യുന്നുവെന്നും ജോലി ചെയ്യാൻ അനുവദിക്കുന്നില്ലെന്നും പരാതിയിൽ പറയുന്നു. മുൻ കോൺഗ്രസ് നേതാവ് എസ്. ചന്ദ്രഹാസുവിന്റെ മകളായ ചന്ദിര എൻ.ആർ കോൺഗ്രസിന്റെ ടിക്കറ്റിൽ കാരെെക്കാലിൽ നിന്നാണ് നിയമസഭയിലെത്തിയത്. ബി.ജെ.പിയിൽ നിന്നും എൻ.ആർ കോൺഗ്രസിൽ നിന്നുമുള്ള മന്ത്രിമാർക്കെതിരെയാണ് പരാതി നൽകിയത്.
ദുരനുഭവത്തെക്കുറിച്ച് മുൻപ് മുഖ്യമന്ത്രിയോട് പറഞ്ഞിരുന്നതായും അവർ വെളിപ്പെടുത്തി. പരാതിയുടെ അടിസ്ഥാനത്തിൽ സ്‌പീക്കർ അന്വേഷണത്തിന് നിർദ്ദേശം നൽകി. മന്ത്രിമാർക്കെതിരായ ആരോപണങ്ങൾ ആദ്യം സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് എം.എൽ.എ ഉന്നയിച്ചത്. എൻ.ആർ കോൺഗ്രസ് - ബി.ജെ.പി സർക്കാരിൽ ഗതാഗത, സാംസ്കാരിക മന്ത്രിയായിരുന്ന ചന്ദിര 2023 ഒക്ടോബറിലാണ് സ്ഥാനം രാജിവച്ചത്. സ്ത്രീ എന്ന നിലയിലും ജാതീയമായും അവഹേളനങ്ങൾ നേരിട്ടത്തിന്റെ പേരിലാണ് രാജിയെന്നാണ് അന്ന് അവർ വ്യക്തമാക്കിയത്. രണ്ടുവർഷം കഴിഞ്ഞാണ് അവർ മന്ത്രിമാർക്കെതിരെ ആരോപണവുമായി എത്തിയത്. തന്റെ സോഷ്യൽ മീഡിയ പേജിൽ ഒരു വീഡിയോ പങ്കുവച്ചാണ് ആരോപണം ഉന്നയിച്ചത്.
'ഒരു സ്ത്രീ സ്വന്തമായി ഉയർന്നുവരുന്നത് നിങ്ങൾക്ക് ഇഷ്ടമല്ല. എല്ലാ പ്രതിസന്ധികളും തരണം ചെയ്ത് ഒരു സ്ത്രീ ഉയർന്നുവന്നാൽ നിങ്ങൾ അവളെ അപമാനിക്കുകയും അവളുടെ രാഷ്ട്രീയ ഭാവി തകർക്കുകയും ചെയ്യുന്നു. എന്റെ അച്ഛൻ എന്നെ ഇത്തരത്തിലുള്ള രാഷ്ട്രീയം പഠിപ്പിച്ചിട്ടില്ല. നിങ്ങൾ ചെയ്യുന്നതിനെ ആരും ചോദ്യം ചെയ്യില്ലെന്ന് കരുതിയെങ്കിൽ തെറ്റി. ഞാൻ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ മുതൽ നിങ്ങൾ എന്നെ നിരീക്ഷിക്കുന്നുണ്ട്. സർക്കാർ സ്രോതസ്സുകൾ ഉപയോഗിച്ച് എന്റെ ഫോൺ വിവരങ്ങൾ നിങ്ങൾ ചോർത്തി. ഞാൻ സുരക്ഷിതമായ സ്ഥലത്തല്ലെന്ന് എനിക്കറിയാം. ഒരു എംഎൽഎയും മുൻ മന്ത്രിയുമായ എന്റെ അവസ്ഥ ഇതാണെങ്കിൽ സാധാരണക്കാരന്റെ അവസ്ഥ എന്തായിരിക്കും? നിങ്ങൾ എന്ത് ചെയ്താലും എനിക്ക് ഒന്നും സംഭവിക്കില്ല." ചന്ദിര വീഡിയോയിൽ പറഞ്ഞു.