നാവിക ഉദ്യോഗസ്ഥനായി എത്തി ആയുധങ്ങൾ മോഷ്ടിച്ചു: യുവാവിനായി തെരച്ചിൽ
മുംബയ്: നാവികസേന ഉദ്യോഗസ്ഥനായി വേഷം മാറിയെത്തിയ ആൾ നേവി റസിഡൻഷ്യൽ മേഖലയിൽ നിന്ന് ആയുധവുമായി കടന്നു. ഇൻസാസ് റൈഫിളും വെടിയുണ്ടകളുമാണ് മോഷ്ടിച്ചത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ജൂനിയർ ഉദ്യോഗസ്ഥനെ കബളിപ്പിച്ചാണ് മോഷണം നടത്തിയത്. ശനിയാഴ്ച രാത്രിയാണ് സുരക്ഷാ വീഴ്ച റിപ്പോർട്ട് ചെയ്തത്. പോസ്റ്റിൽ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ജൂനിയർ ഉദ്യോഗസ്ഥനെ നേവി യൂണിഫോം ധരിച്ച ആൾ സമീപിച്ച് ഡ്യൂട്ടി കൈമാറാൻ ആവശ്യപ്പെട്ടു. പകരക്കാരനായി സുരക്ഷാ ചുമതലയ്ക്ക് എത്തിയതാണെന്ന് അറിയിച്ചതോടെ ജൂനിയർ ഉദ്യോഗസ്ഥൻ ആയുധവും വെടിയുണ്ടകളും കൈമാറി മടങ്ങി. പിന്നീട് ഇയാളെ കാണാതായതോടെയാണ് ആൾമാറാട്ടം വ്യക്തമായത്.
സംഭവത്തിൽ മുംബയ് പൊലീസും നേവിയും സംയുക്തമായി തെരച്ചിൽ ആരംഭിച്ചു. അന്വേഷണ സമിതിയും രൂപീകരിച്ചു. അജ്ഞാതന് ആയുധം കൈമാറിയ നേവി ഉദ്യോഗസ്ഥനെയും ചോദ്യംചെയ്തു വരികയാണ്. ഗുരുതര സുരക്ഷാവീഴ്ച സംഭവിച്ചതായാണ് പ്രാഥമിക നിഗമനം.