ചൈനീസ് പിടി അയയുമോ, പ്രതിസന്ധി മുതലാക്കാൻ ഇന്ത്യ
ന്യൂഡൽഹി: കലാപം ആശങ്കയാണെങ്കിലും പ്രധാനമന്ത്രി കെ.പി. ശർമ്മ ഓലിയുടെ പതനം ഇന്ത്യക്ക് അയൽ രാജ്യമായ നേപ്പാളിനെ അടുപ്പിക്കാനുള്ള വഴി തുറന്നിരിക്കുകയാണ്. അതേസമയം,ചൈനയുടെ നിയന്ത്രണത്തിലായിരുന്ന നേപ്പാളിൽ നടന്ന കലാപത്തിന് പിന്നിൽ യു.എസ് ഇടപെടലുണ്ടെന്ന റിപ്പോർട്ടുമുണ്ട്.
2024 ജൂലായിൽ പ്രധാനമന്ത്രിയായ ഉടൻ ചൈനയുമായി ബാന്ധവം പ്രഖ്യാപിച്ചത് ഇന്ത്യയുമായുള്ള പരമ്പരാഗത സൗഹൃദം മറന്നാണ്. അന്നു മുതൽ നേപ്പാളിൽ പ്രക്ഷോഭ പരമ്പരകളും തലപ്പൊക്കി. ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവിലും (ബി.ആർ.ഐ) ചേർന്നു. ഇതേ മാതൃകയിലാണ് ചൈന ശ്രീലങ്കയിലും നീങ്ങിയത്. നേപ്പാളിനെ ചൈനയിൽ നിന്നകറ്റാൻ ഇന്ത്യയുമായി ചേർന്ന് യു.എസ് ചില നടപടികൾ തുടങ്ങിയിരുന്നു. തീരുവ വിഷയത്തിൽ ഇന്ത്യ അകന്നെങ്കിലും കെ.പി. ഓലിക്കെതിരായ നീക്കങ്ങൾക്ക് യു.എസ് പിന്തുണയുള്ളതായി റിപ്പോർട്ടുണ്ട്. ബംഗാൾ ഉൾക്കടലിലെ തന്ത്രപ്രധാനമായ സ്ഥലമായ സെന്റ് മാർട്ടിൻസ് ദ്വീപിൽ വ്യോമതാവളം സ്ഥാപിക്കാൻ അനുമതി നിഷേധിച്ച ബംഗ്ളാദേശിലെ ഷേഖ് ഹസീനയെ വീഴ്ത്തിയതിലും യു.എസ് പങ്ക് സംശയിച്ചിരുന്നു.
സാമ്പത്തിക സ്തംഭനവും തൊഴിലില്ലായ്മയും രൂക്ഷമായ നേപ്പാളിൽ അഴിമതി ഭരണത്തിനെതിരായ പ്രതിഷേധമാണ് കലാപമായി മാറിയത്. രാഷ്ട്രീയക്കാരുടെ അഴിമതിയും കുട്ടികളുടെ ആഡംബര ജീവിതവും വിഷയമാക്കിയ 'നെപ്പോ കിഡ്' പ്രചാരണം ജനശ്രദ്ധ നേടിയതോടെയാണ് വിലക്ക് വന്നത്. സമൂഹമാദ്ധ്യമ വിലക്കിനെതിരായ പ്രതിഷേധം അഴിമതിക്കെതിരായ പ്രക്ഷോഭമായി മാറിയതിന് പിന്നിൽ അന്താരാഷ്ട്ര ഇടപെടലും സംശയിക്കുന്നുണ്ട്.
ശ്രീലങ്കൻ സാമ്പത്തിക പ്രതിസന്ധി,പാകിസ്ഥാനിലെ രാഷ്ട്രീയ അസ്ഥിരത,ബംഗ്ലാദേശിലെ ഭരണമാറ്റം എന്നിവയ്ക്ക് പിന്നാലെയാണ് മറ്റെരു അയൽ രാജ്യമായ നേപ്പാളിൽ സർക്കാരിനെതിരായ പ്രതിഷേധം കലാപമായി മാറിയത്.