നേപ്പാളിന്റെ ഗതിമാറ്റിയ സുദൻ ഗുരുംഗ്
കാഠ്മണ്ഡു: നേപ്പാളിനെ വിറപ്പിച്ച യുവജന പ്രക്ഷോഭത്തിന്റെ മുഖമായി സാമൂഹിക പ്രവർത്തകനായ സുദൻ ഗുരുംഗ്. 36കാരനായ സുദന്റെ നേതൃത്വത്തിൽ പ്രധാനമന്ത്രി കെ.പി ശർമ്മ ഒലിയെ മണിക്കൂറുകൾക്കുള്ളിൽ താഴെയിറക്കി. ഒരർത്ഥത്തിൽ ഭരണ സംവിധാനത്തെയാകെ ഞെട്ടിച്ചു. രാജ്യത്തെ പിടിച്ചുകുലുക്കിയ 2015ലെ ഭൂകമ്പത്തിനുശേഷം രൂപീകരിച്ച യുവാക്കളുടെ എൻ.ജി.ഒയായ ഹാമി നേപ്പാളിന്റെ പ്രസിഡന്റാണ് സുദൻ. അന്നത്തെ ഭൂകമ്പത്തിൽ സുദനു സ്വന്തം കുഞ്ഞിനെ നഷ്ടപ്പെട്ടിരുന്നു. വ്യക്തിജീവിതത്തിലുണ്ടായ ഈ നഷ്ടം അദ്ദേഹത്തെ ഉലച്ചിരുന്നു. ഇതിനുപിന്നാലെയാണ് സംഘാടകൻ മാത്രമായിരുന്ന സുദൻ ദുരന്ത നിവാരണത്തിലേക്കും പൗരാവകാശ പ്രവർത്തനങ്ങളിലേക്കും വഴിമാറിയത്.
സാമൂഹിക മാദ്ധ്യമങ്ങൾ നിരോധിച്ച സർക്കാർ തീരുമാനത്തിനെതിരെ സ്‌കൂൾ യൂണിഫോം ധരിച്ചും പുസ്തകങ്ങൾ കൈകളിലേന്തിയും പ്രതിഷേധ പ്രകടനത്തിന്റെ ഭാഗമാകാൻ നിർദ്ദേശിച്ച് ആയിരക്കണക്കിന് കുട്ടികളെയാണ് സുദൻ റാലിയുടെ ഭാഗമാക്കിയത്. അതിലൂടെ സർക്കാർ നിയന്ത്രണങ്ങൾക്കെതിരായ റാലികളെ സമാധാനപരവും അതേസമയം പ്രതീകാത്മകവുമാക്കി അദ്ദേഹം മാറ്റി. എന്നാൽ പ്രതിഷേധം സംഘർഷത്തിന് വഴിമാറുകയും രക്തച്ചൊരിച്ചിലിൽ കലാശിക്കുകയുമായിരുന്നു.
അതേസമയം, സാമൂഹികമാദ്ധ്യമ നിരോധനം നിലവിൽ വരുന്നതിന് മുൻപേതന്നെ പ്രതിഷേധത്തിനുള്ള റൂട്ടുകളെ കുറിച്ചും സുരക്ഷാമുൻകരുതലുകളെ കുറിച്ചും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെ സുദൻ അദ്ദേഹത്തിന്റെ എൻ.ജി.ഒയിലൂടെ വിവരങ്ങൾ കൈമാറിയിരുന്നുവെന്നാണ് റിപ്പോർട്ട്.