നേപ്പാൾ പ്രക്ഷോഭം: വിമാന സർവീസുകൾ നിറുത്തി എയർ ഇന്ത്യയും ഇൻഡിഗോയും

Wednesday 10 September 2025 7:02 AM IST

ന്യൂഡൽഹി: സമൂഹമാദ്ധ്യമങ്ങൾ നിരോധിച്ചതിനെതിരെ പ്രതിഷേധങ്ങൾക്കിടയിൽ നേപ്പാളിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളം താത്ക്കാലികമായി അടച്ചതിനെത്തുടർന്ന് എയർ ഇന്ത്യയും ഇൻഡിഗോയും വിമാന സർവീസുകൾ നിർത്തിവച്ചു. ഡൽഹിക്കും കാഠ്മണ്ഡുവിനും ഇടയിലുള്ള വിമാന സർവീസുകളാണ് നിർത്തിയത്.

പ്രധാനമന്ത്രി കെ.പി ശർമ്മ ഒലിയുടെ രാജിയോടെ പ്രതിസന്ധി രൂക്ഷമായി. ഡൽഹി-കാഠ്മണ്ഡു-ഡൽഹി റൂട്ടിലെ ഒന്നിലധികം സർവീസുകൾ നിർത്തിവച്ചതായി എയർ ഇന്ത്യ അറിയിച്ചു. ഇൻഡിഗോയും കാഠ്മണ്ഡുവിലേക്കുള്ള സർവീസുകൾ നിർത്തിവെച്ചു. റദ്ദാക്കലുകൾ സോഷ്യൽ മീഡിയ വഴി കമ്പനി യാത്രക്കാരെ അറിയിച്ചു. ‘കാഠ്മണ്ഡുവിലെ നിലവിലുള്ള സാഹചര്യം കണക്കിലെടുത്ത്, വിമാനത്താവളം അടച്ചിട്ടിരിക്കുന്നു.അതിനാൽ കാഠ്മണ്ഡുവിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനങ്ങളും ഇപ്പോൾ നിർത്തിവച്ചിരിക്കുന്നതായി ഇൻഡിഗോ എക്‌സിൽ കുറിച്ചു.