അഴിമതിക്കെതിരെ തുടങ്ങി, ആളിക്കത്തി
കാഠ്മണ്ഡു: അഴിമതിക്കെതിരെ യുവാക്കൾ സോഷ്യൽ മീഡിയയിൽ തുടങ്ങിയ ട്രെൻഡാണ് നേപ്പാളിൽ രാജ്യവ്യാപക പ്രക്ഷോഭമായി ആളിപ്പടർന്നിരിക്കുന്നത്. രാജ്യത്ത് ദാരിദ്ര്യവും തൊഴിലില്ലായ്മയും രൂക്ഷമായിരിക്കെ,രാഷ്ട്രീയ നേതാക്കളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും മക്കളും ബന്ധുക്കളും അനർഹമായ ആനുകൂല്യങ്ങൾ ആസ്വദിക്കുന്നത് യുവാക്കളെ അസ്വസ്ഥരാക്കി. സ്വജനപക്ഷപാതപരമായ അഴിമതിക്കെതിരെ അവർ സോഷ്യൽ മീഡിയയിൽ പുതിയ ട്രെൻഡിന് തുടക്കമിട്ടു.
ഒന്നിനുപിറകെ ഒന്നായി സർക്കാർ അഴിമതികളും ക്രമക്കേടുകളും അവരുടെ കുടുംബത്തിന്റെ ആഡംബര ജീവിതവും ചൂണ്ടിക്കാട്ടുന്ന പോസ്റ്റുകൾ ഇതോടെ സോഷ്യൽ മീഡിയയിൽ തരംഗമായി. ജെൻ സീ വിഭാഗക്കാരാണ് (1997-2012 കാലയളവിൽ ജനിച്ചവർ) ട്രെൻഡ് ഏറ്റുപിടിച്ചത്. ഇതിനിടെ, സെപ്തംബർ 4ന് ഫേസ്ബുക്ക്, യൂട്യൂബ്, സിഗ്നൽ, സ്നാപ്പ് ചാറ്റ് തുടങ്ങി 26 സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ സർക്കാർ നിരോധിച്ചു. നൽകിയ സമയത്തിനുള്ളിൽ (ആഗസ്റ്റ് 28 - സെപ്തംബർ 4) സർക്കാർ നിർദ്ദേശിച്ച രാജ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാൻ പരാജയപ്പെട്ടതിനാലാണ് നിരോധനമെന്ന് സർക്കാർ വിശദീകരണം നൽകി. കമ്പനികൾ രാജ്യത്ത് രജിസ്റ്റർ ചെയ്യുന്നതിൽ പരാജയപ്പെട്ടെന്നും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നെന്നും തട്ടിപ്പുകൾ നടത്തുന്നെന്നും സർക്കാർ വാദിച്ചു.
നിരോധനം അഴിമതി വിരുദ്ധ ക്യാമ്പെയ്ന് തടയിടാനെന്ന് യുവാക്കളും വിവിധ സംഘടനകളും ആരോപിച്ചു. നിബന്ധനകൾ പാലിച്ചതിനാൽ ടിക് ടോക്, വൈബർ തുടങ്ങിയ ഏതാനും പ്ലാറ്റ്ഫോമുകൾ നിരോധിച്ചിരുന്നില്ല. ഇതോടെ ടിക് ടോകിലൂടെ യുവാക്കൾ സർക്കാരിനെതിരെ രഹസ്യ പടയൊരുക്കം തുടങ്ങുകയായിരുന്നു.
തണുപ്പിക്കാൻ ശ്രമിച്ചിട്ടും
പ്രക്ഷോഭം ശമിപ്പിക്കാൻ സർക്കാർ പല വഴികൾ തേടിയെങ്കിലും പാഴായി
ക്രമസമാധാന തകർച്ചയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആഭ്യന്തര മന്ത്രി രമേഷ് ലെഖാക് രാജിവച്ചു
തിങ്കളാഴ്ച രാത്രി തന്നെ സോഷ്യൽ മീഡിയ നിരോധനം നീക്കി
ഇന്നലെ കൃഷി മന്ത്രി റാം നാഥ് അധികാരി, ആരോഗ്യ മന്ത്രി പ്രതീപ് പൗഡൽ തുടങ്ങിയവരും രാഷ്ട്രീയ സ്വതന്ത്ര പാർട്ടിയുടെ 21 എം.പിമാരും രാജിവച്ചു
കാഠ്മണ്ഡു, ബിർഗഞ്ച്, സിദ്ധാർത്ഥാ നഗർ, പൊഖാറ, ദാമക് തുടങ്ങിയ ഇടങ്ങളിൽ കർഫ്യൂ ഏർപ്പെടുത്തി
പ്രക്ഷോഭത്തെ പറ്റി അന്വേഷിക്കാൻ പ്രത്യേക കമ്മിറ്റി പ്രധാനമന്ത്രി കെ.പി ശർമ്മ ഒലി പ്രഖ്യാപിച്ചു. 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് തയ്യാറാക്കാനും നിർദ്ദേശം. മരിച്ചവരുടെ ബന്ധുക്കൾക്ക് ധനസഹായവും പരിക്കേറ്റവർക്ക് സൗജന്യ ചികിത്സയും വാഗ്ദ്ധാനം
ഒടുവിൽ സമ്മർദ്ദത്തിന് വഴങ്ങി ഒലിയും രാജിവച്ചു. തന്റെ നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽപ്പെട്ട (യു.എം.എൽ) മന്ത്രിമാർ രാജിവയ്ക്കരുതെന്ന് അദ്ദേഹം നിർദ്ദേശിച്ചു. ഒലി പ്രഖ്യാപിച്ച അന്വേഷണ കമ്മിറ്റിയുടെയും ധനസഹായത്തിന്റെയും ഭാവി അനിശ്ചിതത്വത്തിൽ