വർഷങ്ങളായി മനസിലുണ്ടായിരുന്ന പക! നേപ്പാളികൾ ഒന്നടങ്കം പ്രതിഷേധിക്കാനുള്ള കാരണങ്ങളിതാണ്, യഥാർത്ഥത്തിൽ സംഭവിച്ചത്
സെപ്‌തംബർ ആറിന് രാവിലെ 7.15ന് നേപ്പാളിലെ കോഷി പ്രവിശ്യാ മന്ത്രി റാം ബഹാദൂർ മഗർ സഞ്ചരിച്ചിരുന്ന ഔദ്യോഗിക ജീപ്പ് 11 വയസുകാരിയെ ഇടിച്ചുവീഴ്‌ത്തി. രാജ്യത്ത് 26 സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് നിരോധനമേർപ്പെടുത്തി വെറും മണിക്കൂറുകൾ മാത്രം പിന്നിടുമ്പോഴാണ് ലളിത്പൂരിലെ ഹരിസിദ്ധി സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിനിയായ ഉഷ മഗർ സുനുവാറിനെ മന്ത്രിയുടെ വാഹനം ഇടിക്കുന്നത്. കുട്ടി റോഡരികിലേക്ക് തെറിച്ച് വീഴുന്നതിന്റെയും സർക്കാർ വാഹനം നിർത്താതെ പോകുന്നതിന്റെയും സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഈ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ വലിയ രീതിയിലുള്ള പ്രതിഷേധം ഉയർന്നു.
ഇന്നലെ രാജിവച്ച നേപ്പാൾ പ്രധാനമന്ത്രി കെപി ശർമ ഒലി ഈ അപകടത്തെ ഒരു സാധാരണ അപകടം എന്ന് വിശേഷിപ്പിച്ചത് വലിയ വിമർശനങ്ങൾക്ക് വഴിവച്ചു. കുട്ടിയുടെ ചികിത്സാച്ചെലവ് മാത്രം സർക്കാർ നോക്കാം എന്നാണ് ഒലി പറഞ്ഞത്. ഇതോടെ കാഠ്മണ്ഡുവിലെ കോളേജുകളിലും ചായക്കടകളിലും സ്‌കൂളുകളിലുമെല്ലാം പ്രതിഷേധം ഉയർന്നു. അഴിമതി, സ്വജനപക്ഷപാതം, തൊഴിലില്ലായ്‌മ എന്നീ പ്രശ്‌നങ്ങളാൽ ദുരിതത്തിലായിരുന്ന ജനങ്ങളെല്ലാം ഒറ്റക്കെട്ടായി പ്രതിഷേധത്തിനിറങ്ങി.
ജീവിക്കാനാകാതെ യുവാക്കൾ
കഴിഞ്ഞ കുറച്ചധികം നാളുകളായി നേപ്പാളിയെ യുവാക്കൾക്കിടയിൽ വലിയ പ്രശ്‌നങ്ങൾ അനുഭവപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. ദക്ഷിണേഷ്യയിലെ ഏറ്റവും ഉയർന്ന തൊഴിലില്ലായ്‌മ നിരക്ക് അനുഭവപ്പെടുന്ന രാജ്യമായി നേപ്പാൾ മാറിയിരുന്നു. 2024ലെ കണക്കനുസരിച്ച്, 15 മുതൽ 24 വരെ പ്രായമുള്ളവർക്കിടയിൽ തൊഴിലില്ലായ്‌മ നിരക്ക് 20.8 ശതമാനമായിരുന്നു. സ്വന്തം രാജ്യത്ത് തൊഴിൽ ലഭിക്കാതെ ലക്ഷക്കണക്കിന് യുവാക്കൾ ഓരോ വർഷവും ഗൾഫിലേക്കും മലേഷ്യയിലേക്കും കുടിയേറി. ബാക്കിയുള്ളവർ അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലാതെ രാജ്യത്ത് തന്നെനിന്ന് പോരാടുകയാണ്.
സർക്കാരിന്റെ അഴിമതി
തുടർച്ചയായി അഴിമതി ആരോപണങ്ങൾ നേരിടുകയായിരുന്നു നിലവിലെ സർക്കാർ. രാഷ്ട്രീയക്കാരുടെ പുത്രന്മാർക്കും പുത്രിമാർക്കും അനന്തരവൻമാർക്കും മാത്രമാണ് ജോലി ലഭിച്ചിരുന്നത്. ഒന്നുകിൽ രാജ്യം വിടുക അല്ലെങ്കിൽ സ്വന്തം രാജ്യത്ത് അന്തസില്ലാതെ ജീവിക്കുക എന്നാണ് പല യുവാക്കളും പറയുന്നത്. വിദ്യാസമ്പന്നരെപ്പോലും ഒഴിവാക്കിയാണ് നേപ്പാളിൽ ബന്ധുനിയമനം നടത്തിയിരുന്നത്.
ഇത്തരത്തിൽ രാഷ്‌ട്രീയ നേതാക്കളുടെ മക്കൾ തങ്ങളുടെ ആഡംബര ജീവിതം സോഷ്യൽ മീഡിയയിൽ പ്രദർശിപ്പിച്ചിരുന്നു. ഇൻസ്റ്റഗ്രാമിലും ടിക് ടോക്കിലും ഇവർ നിറസാന്നിദ്ധ്യവുമായി. എന്നാൽ, ഇത്രയും ആഡംബരം കാണിക്കാനുള്ള പണം അവർക്ക് എവിടെനിന്നാണെന്നത് വ്യക്തമായിരുന്നില്ല. ഇതെല്ലാം സാധാരണ ജനങ്ങൾ അനുഭവിക്കേണ്ട പണമായിരുന്നു.
ഇത്തരത്തിൽ അധികാര ദുർവിനിയോഗം നടത്തുന്നവർക്കെതിരെ പ്രതിഷേധിക്കേണ്ടത് അനിവാര്യമായിരുന്നു എന്നാണ് ഇപ്പോൾ പലരും അഭിപ്രായപ്പെടുന്നത്. ഒലിയെ കള്ളനെന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് മുദ്രാവാക്യങ്ങൾ മുഴങ്ങിയത്. ജനാധിപത്യമെന്ന് പറഞ്ഞ് വളർന്നിട്ട് രാജ്യത്ത് കണ്ടതെല്ലാം മന്ത്രിമാരുടെ രാജവാഴ്‌ചയാണെന്നാണ് യുവാക്കൾ പറയുന്നത്.
അഴിമതിയും സ്വജനപക്ഷപാതവും യഥാർത്ഥ പ്രശ്നങ്ങളാണ്. പക്ഷേ, ഇതിനെയെല്ലാം നിയമപരമായ മാർഗങ്ങളിലൂടെയും ഭരണഘടനയിലൂടെയും വേണം പരിഹരിക്കാനെന്നാണ് നേപ്പാളി കോൺഗ്രസ് നേതാവും മുൻ വിദേശകാര്യ മന്ത്രിയുമായ എൻപി സൗദ് പറഞ്ഞത്. എന്നാൽ, പ്രതിഷേധത്തിനിടെ നിരവധി യുവാക്കൾ മരിച്ചു. ഇതോടെ കൂടുതൽ യുവാക്കൾ പ്രതിഷേധത്തിനിറങ്ങുകയായിരുന്നു. വീടിനുള്ളിലിരിക്കാൻ തങ്ങളുടെ മനുഷ്യത്വം അനുവദിക്കില്ലെന്നും മരിച്ചവർക്ക് നീതി വേണമെന്നുമാണ് അവർ പറയുന്നത്.
സോഷ്യൽ മീഡിയ നിരോധനം പിൻവലിച്ചിട്ട് പോലും ഇപ്പോഴും രാജ്യത്ത് പ്രതിഷേധം തുടരുകയാണ്. കടുത്ത പ്രതിസന്ധിയിലാണ് രാജ്യം. പ്രക്ഷോഭകർ പാർലമെന്റിനും സുപ്രീം കോടതിക്കും പ്രസിഡന്റിന്റെ ഓഫീസിനും തീയിട്ടു. പ്രക്ഷോഭത്തിനിടെ മുൻ പ്രധാനമന്ത്രി ജലനാഥ് ഖനലിന്റെ ഭാര്യ രാജലക്ഷ്‌മി ചിത്രകാർ തീപിടിച്ച വീട്ടിൽ കുടുങ്ങി വെന്തുമരിച്ചു. ധനകാര്യ മന്ത്രി ബിഷ്‌ണു പൗഡേലിനെ ജനക്കൂട്ടം തെരുവിൽ ആക്രമിച്ചു. നേപ്പാളി കോൺഗ്രസ് നേതാവും മുൻ പ്രധാനമന്ത്രിയുമായ ഷെർ ബഹാദുർ ദുബെയുടെ വീടാക്രമിച്ച പ്രക്ഷോഭകാരികൾ അദ്ദേഹത്തിന്റെ ഭാര്യയെയും വിദേശകാര്യമന്ത്രിയുമായ അൻസു റാണയെ കയ്യേറ്റം ചെയ്യുന്നതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.