നേതാക്കന്മാർക്ക് ജയ് വിളിക്കാനുള്ളതല്ല ഞങ്ങളുടെ സമ്മേളനങ്ങൾ, മൂന്നാമൂഴത്തിന് ഇടതുപക്ഷം ശ്രമിക്കും: ബിനോയ് വിശ്വം അഭിമുഖം

Wednesday 10 September 2025 1:37 PM IST

ഇടതുപക്ഷം ഭരണത്തിലിരിക്കുന്ന കാലഘട്ടത്തിൽ സംസ്ഥാനത്ത് പൊലീസ് മർദ്ദനം ഉണ്ടാവാൻ പാടില്ലാത്തതാണെന്നും, പൊലീസ് ലോക്കപ്പുകൾ മർദ്ദനത്തിനുള്ള വേദികളാക്കാൻ അനുവദിച്ചു കൂടെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പൊലീസ് മർദ്ദനമെന്നത് കമ്യൂണിസ്റ്റ് പാർട്ടിയുടെ നയമല്ലെന്നും അദ്ദേഹം കേരളകൗമുദിയോട് പറഞ്ഞു.

?പൊലീസിന്റെ അതിക്രമ പരാതികളാണല്ലോ നിത്യേന പുറത്തു വരുന്നത്. പൊലീസ് മർദ്ദനത്തെ എതിർത്തും അതിജീവിച്ചുമാണ് കമ്യൂണിസ്റ്റ് പാർട്ടി വളർന്നത്. തൊഴിലാളി സമരങ്ങളെ പൊലീസ് അടച്ചമർത്തുന്നതിനും കമ്യൂണിസ്റ്റ് പാർട്ടിക്ക് എതിർപ്പാണ്. ഇതെല്ലാം 57 മുതലേ പറയുന്നതാണ്. ഇതറിയാത്ത ചില ഉദ്യോഗസ്ഥർ താഴെയും മുകളിലുമുണ്ട് .അവരുണ്ടാക്കുന്ന പ്രശ്നങ്ങളാണ് .അത്തരം ഉദ്യോഗസ്ഥരെ മാതൃകാപരമായി ശിക്ഷിക്കണം.ശിക്ഷിക്കാൻ കെൽപ്പുള്ള സർക്കാരാണ് ഇപ്പോഴുള്ളത്.

?ആലപ്പുഴ സമ്മേളനം മുന്നോട്ടു വയ്ക്കുന്ന സന്ദേശം

പാർട്ടിയെ ശക്തിപ്പെടുത്താൻ ഉതകും വിധത്തിൽ ഐക്യത്തിന്റെയും ആത്മവിശ്വാസത്തിന്റയും സമ്മേളനമായി മാറും. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള വർഗീയ ഫാസിസ്റ്റ് ശക്തികളുടെ ഭരണമുണ്ടാക്കുന്ന വലിയ ഇരുട്ടിൽ കേരളം കൊളുത്തി വച്ച വെളിച്ചമാണ് എൽ.ഡി.എഫ് ഭരണം. ആ വെളിച്ചം ഇന്ത്യയിലെമ്പാടും ലഭിക്കണം.

?ജില്ലാ സമ്മേളനങ്ങളിലെ വിമർശനങ്ങൾ നേതാക്കന്മാർക്ക് ജയ് വിളിക്കാനുള്ളതല്ല ഞങ്ങളുടെ സമ്മേളനങ്ങൾ. വിമർശനവും സ്വയം വിമർശനവുമൊക്കെ ഉണ്ടാവും. എല്ലാ ജില്ലകളിലെയും സമ്മേളനങ്ങൾ വളരെ ഐക്യത്തോടെയും ആവേശത്തോടെയുമാണ് സമാപിച്ചത്. അതിനർത്ഥം ചർച്ചകൾ നടന്നില്ലെന്നല്ല. ആരോഗ്യകരമായ അത്തരം ചർച്ചകളിലൂടെയാണ് ഐക്യവും ആവേശവും രൂപപ്പെടുന്നത്. ആരും വിമർശനത്തിന് അതീതരല്ല.

?തദ്ദേശ തിരഞ്ഞെടുപ്പിലേക്കാണല്ലോ പോകുന്നത്.

തദ്ദേശ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്റെ വിജയമാണ് പരമ പ്രധാനം. സർക്കാർ വളരെ നല്ല നിലയ്ക്കാണ് പ്രവർത്തിക്കുന്നത്. ഇതിന്റെയെല്ലാം സദ്ഫലങ്ങൾ തിരഞ്ഞെടുപ്പിലുണ്ടാവും. പിന്നാലെ, നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്നാമൂഴത്തിന് വേണ്ടിയാണ് ഇടതുപക്ഷം ശ്രമിക്കുന്നത്. തീർച്ഛയായും അതുണ്ടാവും..

?സംസ്ഥാന സർക്കാരിന്റെ പ്രവർത്തനത്തിൽ സി.പി.ഐക്ക് സംതൃപ്തിയാണോ

കമ്യൂണിസ്റ്രുകാർക്ക് പൂർണ്ണ സംതൃപ്തി എന്നൊന്നില്ല. എല്ലാം കിട്ടുമ്പോഴും ഇനിയും പലതും ചെയ്യാനുണ്ടെന്നു ചിന്തിക്കുന്നവരാണ് .

?പാർട്ടിയിൽ പുതിയ തലമുറയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുമോ?

. എല്ലാ ജില്ലകളിലും ചെറുപ്പക്കാരാണ് നേതൃത്വത്തിൽ

?സെക്രട്ടറിക്കെതിരെ വന്ന ചില പരസ്യ വിമർശനങ്ങൾ

 സെക്രട്ടറി അഴിമതി കാണിച്ചതായി ആരെങ്കിലും പറഞ്ഞോ. കമ്യൂണിസ്റ്റുകാരന് നിരക്കാത്ത വിധത്തിലുള്ള പ്രവൃത്തികളുണ്ടായോ. വിമർശനങ്ങളില്ലെങ്കിൽ കമ്യൂണിസ്റ്റ് പാർട്ടിയില്ല.