ബസിൽ എസിക്ക് തണുപ്പ് കുറഞ്ഞുപോയി; ക്ലീനറെ ക്രൂരമായി മർദിച്ച് യാത്രക്കാർ
Wednesday 10 September 2025 3:16 PM IST
കോഴിക്കോട്: ടൂറിസ്റ്റ് ബസിലെ ക്ലീനറെ യാത്രക്കാർ മർദിച്ചതായി പരാതി. പരിക്കേറ്റ ക്ലീനർ കാസർകോട് വെള്ളരിക്കുണ്ട് പുന്നക്കുന്ന് മേനാംതുണ്ടിൽ അരവിന്ദിനെ (27) കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാസർകോട് നിന്നും എറണാകുളത്തേക്ക് പോയ ബസിലെ ജീവനക്കാരനെയാണ് ഇന്ന് പുലർതച്ചെ 1.30ഓടെ നന്തിയിലെത്തിയപ്പോൾ മർദിച്ചത്.
തളിപ്പറമ്പിൽ നിന്ന് കയറിയ രണ്ടുപേരാണ് മർദിച്ചത്. ബസിലെ എസിയുടെ തണുപ്പ് കുറഞ്ഞുപോയെന്ന് പറഞ്ഞാണ് ഇവർ അസഭ്യം പറയുകയും മുഖത്ത് തുടരെ മർദിക്കുകയും ചെയ്‌തതെന്ന് കൊയിലാണ്ടി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിൽ ബംഗളൂരു - കോഴിക്കോട് അന്തർസംസ്ഥാന നൈറ്റ്‌ബസ് വർക്കേഴ്‌സ് യൂണിയൻ (സിഐടിയു) പ്രതിഷേധം രേഖപ്പെടുത്തി.