"ഒറ്റപ്പെട്ടല്ലോ ആരുമില്ലല്ലോ എന്ന തോന്നലായിരുന്നു അപ്പോൾ; ക്യാൻസർ വന്നപ്പോൾ സഹായിച്ചത് ഒരു പ്രമുഖ നടൻ മാത്രം"
ക്യാൻസർ വന്ന സമയത്ത് സിനിമയിൽ നിന്ന് സഹായമൊന്നും ലഭിച്ചിട്ടില്ലെന്ന് നടൻ കൊല്ലം തുളസി. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം തുറന്നുപറഞ്ഞത്. മമ്മൂട്ടിയല്ലാതെ മറ്റാരും വിളിച്ചിട്ടില്ലെന്നും കൊല്ലം തുളസി വ്യക്തമാക്കി.
'പക്ഷേ ആ സമയത്ത് എന്നെ സഹായിച്ചൊരാളുണ്ട്, ദിലീപ്. ദിലീപിനെക്കുറിച്ച് ആരൊക്കെ എന്തെല്ലാം പറഞ്ഞാലും സാമ്പത്തികമായി മോശമായി നിൽക്കുന്ന സമയത്ത് ദിലീപ് എന്നെ നാല് പടങ്ങളിൽ വിളിച്ചു. നല്ല പ്രതിഫലം തന്ന് എന്നോട് സഹകരിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഞാൻ അന്ന് ദിലീപിനായി വാദിച്ചത്.
അയാൾ തെറ്റുചെയ്തിട്ടുണ്ടെങ്കിൽ അർദ്ധ നഗ്നനാക്കി ചാട്ടവാറുകൊണ്ടടിച്ച് റോഡിലൂടെ നടത്തണമെന്നും ഞാനന്ന് പറഞ്ഞിരുന്നു. അങ്ങനെ തെറ്റ് ചെയ്തിട്ടില്ലെന്നാണ് എന്റെ വിശ്വാസം. കീമോയ്‌ക്കൊക്കെ പൈസ കൊടുക്കണം. ടിവി ആർട്ടിസ്റ്റുകൾ കുറച്ചുപേർ കാണാൻ വന്നു. അത്രേയുള്ളൂ. നമ്മളും ആരെയും കാണാൻ പോകാറില്ലല്ലോ. അതുകൊണ്ട് ഇങ്ങോട്ട് കാണാൻ വരാത്തതുകൊണ്ട് വിഷമിച്ചിട്ട് കാര്യമില്ലല്ലോ. ഒറ്റപ്പെട്ടല്ലോ, സഹായത്തിനാരുമില്ലല്ലോ എന്ന തോന്നലായിരുന്നു അപ്പോൾ. ആ സമയത്താണ് ഞാൻ കവിതയെഴുതിയത്. അത് വൈറലായിരുന്നു. കുടുംബമില്ലെങ്കിൽ പിന്നെ എന്താണ്. പലരും ഇപ്പോൾ ഒറ്റയായി കഴിയുന്നുണ്ട്. അവരുടെയൊക്കെ അവസാന ജീവിതം ഇങ്ങനെയൊക്കെത്തന്നെയാണ്. സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും ആളില്ലെങ്കിൽ എന്ത് ജീവിതമാണ്. ഞാനിപ്പോൾ അതിൽ നിന്നൊക്കെ മാറി. ആധ്യാത്മിക വഴിയിലൂടെ പോകുകയാണ്.തികഞ്ഞ ഈശ്വര വിശ്വാസിയാണ്.'- അദ്ദേഹം പറഞ്ഞു.