കൈരളി യു കെ ഈസ്റ്റ് ലണ്ടൻ യൂണിറ്റ് ഓണാഘോഷം വർണ്ണാഭമായി മാറി
ലണ്ടൻ: കൈരളി ഈസ്റ്റ് ലണ്ടൻ യൂണിറ്റ് ഓണാഘോഷം നടത്തി. സെപ്തംബർ ആറിന് ബാർക്കിംഗ് സെന്റ് തോമസ് മോർ കാത്തലിക് ചർച്ച് പാരിഷ് ഹാളിലും പരിസരത്തുമായി നടന്ന പരിപാടിയിൽ നൂറ്കണക്കിന് ആളുകൾ പങ്കെടുത്തു. ഓണാഘോഷത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന വർണ്ണാഭമായ ഓണപ്പൂക്കളം ഒരുക്കിയും ഗൃഹാതുരത്വം ഉണർത്തുന്ന വിവിധ കായിക മത്സരങ്ങളും, മോഹിനിയാട്ടം, ഭരതനാട്യം, മറ്റു ഡാൻസ് പെർഫോമൻസ്, ടീം അംഗങ്ങളുടെ സംഗീതാലാപനം എല്ലാം ഈ ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു.
ഉച്ചക്ക് 12.30 ന് ആരംഭിച്ച 27 കൂട്ടം കറികളോടു കൂടി കുട്ടികളും മുതിർന്നവരും ഉൾപ്പെടെ 350ത്തോളം പേർ പങ്കെടുത്ത വിഭവസമൃദ്ധമായ ഓണസദ്യ വൈകുന്നേരം നാല് മണിവരെ നീണ്ടുനിന്നു. തുടർന്ന് നടന്ന കേരളത്തനിമയാർന്ന നാടൻ കലകളാൽ സമ്പുഷ്ടമായ കലാപരിപാടികൾ സദസ്സിന് കുളിർമ്മയേകി. വൈകിട്ട് ഏഴ് മണിമുതൽ നടന്ന സംഗീത സന്ധ്യ സദസ്സിനെ ആകെ ആവേശം പടർത്തി ഈസ്റ്റ് ലണ്ടൻ കണ്ട ഏറ്റവും വലിയ ഓണാഘോഷമായി ഇത് മാറി.
ദേശീയ അംഗങ്ങൾ ആയ നാഷണൽ സെക്രട്ടറി നവീൻ ഹരി, നാഷണൽ ട്രഷറർ സൈജു, നാഷണൽ ജോയിന്റ് സെക്രട്ടറി അനുമോൾ, MAUK ചെയർപേഴ്സൺ ശ്രീജിത് ശ്രീധരൻ, പ്രശസ്ത എഴുത്തുകാരൻ മണമ്പൂർ സുരേഷ്, ലോക കേരള സഭാ അംഗം വിശാൽ ഉദയകുമാർ, എഐസി നാഷണൽ കമ്മിറ്റി അംഗം പ്രീത് ബൈൻസ് തുടങ്ങി നിരവധി ആളുകളുടെ സാന്നിധ്യം ഈ ആഘോഷത്തെ കൂടുതൽ മനോഹരമാക്കി. ചിട്ടയായ സംഘടനാ രീതിയും കൂട്ടായ പ്രവർത്തനവും ആണ് കൈരളി ഈസ്റ്റ് ലണ്ടൻ യൂണിറ്റിന്റെ ഓണാഘോഷം വിജയകരമാക്കിയത്.
കൈരളി ഈസ്റ്റ് ലണ്ടൻ യൂണിറ്റിന്റെ സാരഥികളായ പ്രസിഡന്റ് നിതിൻ രാജ്, സെക്രട്ടറി അനസ് സലാം, ട്രഷറർ ലൈലജ് എന്നിവരുടെ നേതൃത്വമാണ് ഈ വിജയത്തിന് ശക്തിയും നിറവും നൽകിയത്. ഈസ്റ്റ് ലണ്ടന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നൂറ് കണക്കിന് ആളുകൾ ഈ പരിപാടികൾ ആസ്വദിക്കുന്നതിന് എത്തിച്ചേർന്നിരുlന്നു. കേരളത്തിന്റെ ആത്മാവിനെ തന്നെ ലണ്ടൻ മണ്ണിൽ പുനരാവിഷ്‌കരിച്ചു. എല്ലാവർക്കും ഒരിക്കലും മറക്കാനാവാത്ത ഓർമ്മകൾ സമ്മാനിച്ചു.