തദ്ദേശതിരഞ്ഞെടുപ്പിന് ഒരുങ്ങി മുന്നണികൾ, പുതുമുഖങ്ങളെ കളത്തിലിറക്കും

Thursday 11 September 2025 1:05 AM IST

കോട്ടയം: തദ്ദേശതിരഞ്ഞെടുപ്പ് അന്തിമവോട്ടർ പട്ടിക പുറത്തിറങ്ങി സംവരണ വാർഡുകൾ തിരഞ്ഞെടുക്കുന്ന പ്രാരംഭ ജോലികൾ ആരംഭിച്ചതോടെ സീറ്റ്, സ്ഥാനാർത്ഥി ചർച്ചകളിലേക്ക് രാഷ്ട്രീയ പാർട്ടികൾ കടന്നു. ജനസമ്മതി നോക്കി പുതുമുഖങ്ങൾക്ക് പ്രാമുഖ്യം നൽകാനാണ് മുന്നണികളുടെ തീരുമാനം. പ്രാദേശിക തലത്തിൽ കൺവെൻഷനുകളും, ഭവന സന്ദർശനവും ആരംഭിച്ചു. ഇനി സംവരണ വാർഡുകളുടെ വിവരവും തിരഞ്ഞെടുപ്പ് തീയതിയും പ്രഖ്യാപിച്ചാൽ കളം മുറുകും. തുടർച്ചയായി മത്സരിക്കുന്നവരെയും ആരോപണ വിധേയരെയും ഒഴിവാക്കി യുവാക്കൾക്ക് മുൻഗണന നൽകിയുള്ള സ്ഥാനാർത്ഥി ലിസ്റ്റിന് പ്രാമുഖ്യം നൽകാനാണ് സി.പി.എം ,സി.പി.ഐ ,കോൺഗ്രസ് ,കേരള കോൺഗ്രസ് തീരുമാനം. വാർഡുകളുടെ എണ്ണം കൂടിയതോടെ കൂടുതൽ സീറ്റുകൾക്കായുള്ള അവകാശവാദം മുന്നണികൾക്ക് തലവേദനയാകും. എസ്.എൻ.ഡി.പി യോഗത്തിന്റെ നേതൃത്വത്തിൽ യൂണിയൻ തലത്തിൽ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും, ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിയെയും പങ്കെടുപ്പിച്ച് വൻ ജനപങ്കാളിത്തത്തോടെ നടത്തിയ ശാഖാ നേതൃയോഗങ്ങളിലെ പ്രസംഗത്തിൽ ഒരു മുന്നണിയോടും പ്രത്യേക താത്പര്യം കാട്ടാതെ കൂടുതൽ സീറ്റുകളിൽ മത്സരിക്കാനാണ് പ്രവർത്തകരോട് യോഗം ജനറൽ സെക്രട്ടറി ആഹ്വാനം ചെയ്തത്.

കൂടുതൽ സീറ്റുറപ്പിക്കാൻ യു.ഡി.എഫ്

കേരള കോൺഗ്രസ് (എം) ഇടതു മുന്നണിയിലെത്തിയ ശേഷം നടന്ന കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്തിലും ബ്ലോക്ക് , പഞ്ചായത്തുതലത്തിലും വൻനേട്ടമുണ്ടാക്കാൻ എൽ.ഡി.എഫിന് സാധിച്ചിരുന്നു. ഇത് നില നിറുത്താൻ ഇടതുമുന്നണി ശ്രമിക്കുമ്പോൾ ഭരണവിരുദ്ധ വികാരവും, പൊലീസ് അതിക്രമവും, കർഷക പ്രശ്നങ്ങളും, വന്യ മൃഗഭീഷണിയും ഉയർത്തിക്കാട്ടി കൂടുതൽ സീറ്റുകൾ പിടിച്ചെടുക്കാനാണ് യു.ഡി.എഫ് നീക്കം.

നെഞ്ചിടിപ്പേറ്റി ബി.ജെ.പി മുന്നേറ്റം

ബി.ജെ.പി മുന്നേറ്റത്തെ ഭീതിയോടെയാണ് ഇടത് - വലത് മുന്നണികൾ കാണുന്നത്. അയ്മനം, കുമരകം, ചിറക്കടവ്, പള്ളിക്കത്തോട് പഞ്ചായത്തുകളിലും കോട്ടയം നഗരസഭയിലും ബി.ജെ.പി കൂടുതൽ കരുത്ത് തെളിയിക്കുകയാണ്. പത്ത് പഞ്ചായത്തുകളിൽ സ്വാധീനം ഉറപ്പിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി നേതൃത്വം.

ആകെ തദ്ദേശ വാർഡുകൾ : 1611

പഞ്ചായത്ത് വാർഡുകൾ : 1223

ബ്ലോക്ക് ഡിവിഷനുകൾ : 157

ജില്ലാ പഞ്ചായത്ത് ഡിവിഷൻ : 23

നഗരസഭാ വാർഡുകൾ : 208