രണ്ടര വർഷത്തിൽ മരിച്ചത് 582 പേർ... ചോര മണക്കുന്ന നിരത്തുകൾ

Thursday 11 September 2025 12:10 AM IST

കോട്ടയം : ലഹരി ഉപയോഗവും,​ അമിതവേഗവും,​ അശ്രദ്ധമായ ഡ്രൈവിംഗും നിരത്തുകളെ ചോരക്കളമാക്കുന്നു. ഈ വർഷം 1926 അപകടങ്ങളിൽ 149 ജീവനാണ് പൊലിഞ്ഞത്. 118 പുരുഷന്മാർ, 28 സ്ത്രീകൾ, മൂന്ന് കുട്ടികൾ. 2023 മുതൽ ഇതുവരെ 8700 അപകടങ്ങളിൽ 582 പേർ മരിച്ചു. ഇരുചക്ര വാഹനങ്ങൾ, കാറുകൾ, ബസുകൾ, ചരക്ക് ലോറികൾ എന്നിവയാണ് ഏറ്റവും കൂടുതൽ അപകടങ്ങളുണ്ടാക്കിയിട്ടുള്ളത്. മരണമടഞ്ഞവരിൽ ഏറെയും ബൈക്ക് യാത്രക്കാരാണ്. അപകടത്തിൽപ്പെട്ട കാൽനടയാത്രക്കാരുടെ എണ്ണവും കൂടുകയാണ്. തിരക്കേറെയുള്ള എം.സി റോഡിലാണ് അപകടങ്ങളേറെയും. മറ്റ് പ്രധാന റോഡുകളും ഗ്രാമീണ വഴികളും പിന്നിലല്ല. സ്വകാര്യബസുകളുടെ മരണപ്പാച്ചിലും അപകടങ്ങൾക്കിടയാക്കുന്നു. കോട്ടയം - എറണാകുളം റൂട്ടിൽ സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുകളാണ് നിരന്തരം അപകടങ്ങൾ വരുത്തിവയ്ക്കുന്നത്.

ഏറെയും രാത്രികാലങ്ങളിൽ

രാത്രി 9 മുതൽ പുലർച്ചെ വരെയുള്ള സമയങ്ങളിലാണ് അപകടങ്ങളേറെയും. ഈ സമയം ലഹരി ഉപയോഗിച്ച് ഇരുചക്രവാഹനങ്ങളുമായി കൂടുതൽപ്പേർ പുറത്തിറങ്ങുന്നതും ദീർഘദൂര വാഹനങ്ങൾ ഓടിക്കുന്നവർ ഉറങ്ങിപ്പോകുന്നതുമെല്ലാം ഇതിന് കാരണമാകുന്നു. ബന്ധുക്കളെ വിമാനത്താവളത്തിലെത്തിച്ച് തിരികെ വരുംവഴി അപകടങ്ങൾ സംഭവിക്കുന്നത് ഏറുകയാണ്. ദീർഘദൂര യാത്രയിൽ ഡ്രൈവറെ നിയോഗിച്ചാൽ ഇതിന് ഒരുപരിധിവരെ പരിഹാരമാകും. പുലർച്ചെ നടക്കാനിറങ്ങുന്നവരെ വാഹനങ്ങൾ ഇടിക്കുന്നതും പതിവായി.

പരിശോധന പേരിന് മാത്രം

രാത്രികാലത്ത് ട്രാഫിക് സിഗ്നലുകൾ പ്രവർത്തനരഹിതം

വഴിവിളക്കുകൾ കത്താത്തത് കാൽനടയാത്രയ്ക്ക് ദുഷ്‌കരം

 നിലവാരം ഇല്ലാത്ത ടാറിംഗും, റോഡിലെ കുഴികളും

'' കണക്കുകൾ ഞെട്ടിക്കുന്നതാണ്. അപകട നിരക്ക് കുറയ്ക്കാനുള്ള പരമാവധി ശ്രമമുണ്ടാകും. നിയമം കർശനമായി പാലിക്കണം.

പൊലീസ് അധികൃതർ

പേടിക്കണം ഈ കണക്കുകൾ

2023:

അപകടം

3325

മരണം: 276

2024

അപകടം: 3247

മരണം: 264

ഈ വർഷം ഇതുവരെ

1926 അപകടം

മരണം: 149