വെണ്ണിച്ചിറക്കുളം വികസനം തുലാസിൽത്തന്നെ
കിളിമാനൂർ: കാലമെത്ര കഴിഞ്ഞാലും വെണ്ണിച്ചിറക്കുളത്തിന്റെ നവീകരണ പ്രവർത്തനങ്ങളിൽ തീരുമാനമൊന്നുമായില്ല. രണ്ട് വർഷം മുമ്പ് പണികൾ ആരംഭിച്ചെങ്കിലും പ്രാരംഭ നടപടികൾ പോലും പൂർത്തിയായില്ലെന്നാണ് ആക്ഷേപം. കിളിമാനൂർ പഞ്ചായത്തിലെ വലിയ ജലാശയങ്ങളിലൊന്നാണ് പോങ്ങനാടിന് സമീപം വെണ്ണിച്ചിറയിലുള്ളത്. ഒരുകാലത്ത് പ്രദേശമാകെ വെള്ളമെത്തിച്ചിരുന്നത് ഇവിടെ നിന്നാണ്. കർഷകർക്കും കന്നുകാലികൾക്കും വിശ്രമിക്കാനും വെള്ളം കുടിക്കുന്നതിനും ഇവിടെ സൗകര്യമൊരുക്കിയിരുന്നു. ജനാധിപത്യ ഭരണം വന്നതോടെ ഇവിടെയുണ്ടായിരുന്ന ചരിത്ര ശേഷിപ്പുകൾ പലതും നാമാവശേഷമായി. പിന്നീട് കാലാകാലങ്ങളിൽ പഞ്ചായത്തധികൃതരും മറ്റും ചേർന്ന് കുളം നവീകരിച്ചിരുന്നു. ഇതിനിടയിൽ ഇവിടെ മത്സ്യക്കൃഷിയും നടത്തിയിരുന്നു. ഇതിനുശേഷമാണ് നാട്ടിലെ കുട്ടികൾക്കും യുവജനങ്ങൾക്കും നീന്തൽ പരിശീലനത്തിന് പ്രയോജനപ്പെടത്തക്ക വിധം പഞ്ചായത്തിന്റെ സഹായത്തോടെ ഷാർക്ക് അക്വാട്ടിക് ക്ലബ് രൂപീകരിച്ചത്.
നീന്തൽ പരിശീലന കേന്ദ്രത്തിനായി
ഫണ്ട് അനുവദിച്ചു
കിളിമാനൂർ പഞ്ചായത്തിലെയും സമീപ പഞ്ചായത്തുകളിലെയും കുട്ടികൾ ഉൾപ്പെടെ നൂറിലേറെ പേർ ഇവിടെ നീന്തൽ പരിശീലനം നടത്തിയിരുന്നു. 2016ൽ ആരംഭിച്ച ക്ലബിലെ കുട്ടികൾ ജില്ലാതലത്തിലും സംസ്ഥാന തലത്തിലുമൊക്കെ മെഡലുകൾ വാങ്ങുന്ന തലത്തിലേക്ക് നീന്തൽ പരിശീലന കേന്ദ്രം വളർന്നു. പരിശീലന കേന്ദ്രം ദേശീയ നിലവാരത്തിൽ നവീകരിക്കുന്നതിനായി ജില്ലാ പഞ്ചായത്തിൽ നിന്ന് 1 കോടി ഇരുപത്തിയഞ്ച് ലക്ഷം രൂപ അനുവദിച്ചു.
ടെൻഡർ നടപടികൾ പൂർത്തിയായി പണികൾ ആരംഭിച്ചെങ്കിലും ഒച്ചിഴയും വേഗത്തിലായിരുന്നു തുടർന്നുള്ള പണികൾ. തുടർന്ന് എപ്പോഴോ നിർമ്മാണം നിലച്ചു.
ജലാശയത്തിൽ നടപ്പാക്കാൻ തയ്യാറാക്കിയ ഒന്നാംഘട്ട പദ്ധതികൾ
* ദീർഘ ചതുരാകൃതിയിലുള്ള കുളത്തിന്റെ കിഴക്കേ അറ്റത്തായി 25 മീറ്റർ നീളവും 18 മീറ്റർ വീതിയുമുള്ള സ്വിമ്മിംഗ് പൂൾ നിർമ്മിക്കും
*കൃഷി ആവശ്യങ്ങൾക്ക് കുളത്തിലെ വെള്ളം ഉപയോഗിക്കത്തക്ക നിലയിൽ ജലനിരപ്പിൽ നിന്നും ഒരടി ഉയരത്തിൽ കോൺക്രീറ്റ് പില്ലറുകൾ നാട്ടി മുകളിലായി പ്ലാറ്റ്ഫോം കോൺക്രീറ്റ് ചെയ്ത് ഇതിനുള്ളിലായിട്ടാണ് സ്വിമ്മിംഗ് പൂൾ നിർമ്മിക്കുന്നത്
*സ്വിംമ്മിംഗ് പൂളിലേക്കാവശ്യമായ ജലം കരയിൽ കിണർ നിർമ്മിച്ച് അതിൽ നിന്നും വെള്ളം പമ്പ് ചെയ്ത് ശുദ്ധീകരിച്ചാണ് പൂൾ നിറയ്ക്കുന്നത്
*ഇതിനായി കിണർ, ശുദ്ധീകരണശാല, പമ്പ് സെറ്റ് എന്നിവ സ്ഥാപിക്കും
*പടിഞ്ഞാറെ അറ്റത്ത് പരിശീലനക്കാർക്കാവശ്യമായ ഡ്രസ്സിംഗ് റൂം, വെയിറ്റിംഗ് റൂം, ടോയ്ലെറ്റ് ഉൾപ്പെടെയുള്ളവ നിർമ്മിക്കും
*പൂളിലേക്ക് 5 മീറ്റർ വീതിയിൽ റോഡ് നിർമ്മിക്കും
കുളത്തിലെ പായലും മാലിന്യങ്ങളും നീക്കം ചെയ്ത് വൃത്തിയാക്കിയിരുന്നെങ്കിൽ പ്രദേശവാസികൾക്ക് ഉപയോഗിക്കാമായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു