അന്നവും അക്ഷരവും ആദരവോടെ വിളമ്പുന്ന ‘അഞ്ചപ്പം’ മാന്നാറിലും

Thursday 11 September 2025 2:19 AM IST

മാന്നാർ: ആരും വിശന്നിരിക്കരുതെന്ന സ്വപ്നം സഫലമാക്കാൻ യത്‌നിക്കുന്ന അന്നവും അക്ഷരവും ആദരവോടെ വിളമ്പുന്ന 'അഞ്ചപ്പം'

എന്ന വിശേഷാൽ ഭക്ഷണശാല മാന്നാറിലും. പ്രാതലും ഉച്ചഭക്ഷണവും വൈകിട്ട് ലഘുഭക്ഷണവും ചായയുമെല്ലാം ലഭിക്കുന്ന ഈ

ഭക്ഷണശാല അഞ്ചു മണിക്കുശേഷം ലൈബ്രറിയായി മാറും. ആർക്കുവേണമെങ്കിലും ഇവിടെ വന്ന് പുസ്തകങ്ങളും വായിക്കാം. ഫാ.ബോബി ജോസ് കട്ടികാട് വിഭാവനം ചെയ്ത് 2016-ൽ കോഴഞ്ചേരിയിൽ തുടക്കം കുറിച്ച അഞ്ചപ്പം ശൃംഖലയിലെ ഏഴാമത്തേതാണ് മാന്നാറിൽ ഒരുക്കുന്നത്. വ്യത്യസ്ത മേഖലകളിൽ പ്രവർത്തിക്കുന്ന സമാനഹൃദയരുടെ കൂട്ടായ്മയാണ് 'അഞ്ചപ്പം' എന്ന ആശയത്തെ സജീവമാക്കുന്നത്. അവഗണിക്കപ്പെടുന്നവരെ ചേർത്തു നിർത്തുന്നതിനും ക്ഷമയോടെ കേൾക്കുന്നതിനും അന്നവും അക്ഷരവും ആദരവോടെ പങ്കുവയ്ക്കുന്നതിനും സദാ ശ്രദ്ധിക്കുന്ന അഞ്ചപ്പത്തിൽ വായനയ്ക്ക് നിരവധി പുസ്തകങ്ങളാണ് ഒരുക്കിയിട്ടുള്ളത്.ബില്ലോ കാഷ്‌കൗണ്ടറോ ഇല്ലാത്ത ഈ ഭക്ഷണശാലയിൽ പൊതുവായി വച്ചിട്ടുള്ള ബോക്‌സിൽ സ്വന്തം താല്പര്യമനുസരിച്ച് നിക്ഷേപിക്കുന്ന ചെറിയ സംഭാവനകളാണ് ഈ സംരംഭത്തിന്റെ അടിസ്ഥാന മൂലധനം. മാന്നാർ സ്റ്റോർ ജംഗ്ഷന് തെക്ക് ഗവ.ജെ.ബി സ്‌കൂളിന് എതിർവശത്തുള്ള ചോവലിൽ കൃപാ ഭവനത്തിൽ സാം ചെറിയാന്റെ ഭവനാങ്കണത്തിൽ ആരംഭിക്കുന്ന അഞ്ചപ്പം ഭക്ഷണശാല നാളെ രാവിലെ പതിനൊന്നിന് സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖർ ചേർന്ന് നാടിന് സമർപ്പിക്കും. ഡോ.തോമസ് മാർ തീത്തോസ് എപ്പിസ്‌കോപ്പ ഉദ്ഘാടനം നിർവഹിക്കും. ഫാ.ബോബി ജോസ് കട്ടികാട്, മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്‌നകുമാരി എന്നിവർ സംസാരിക്കും.