ധൻകർ ഉപരാഷ്ട്രപതി സ്ഥാനം രാജിവച്ചതിന് കാരണം,​ വെളിപ്പെടുത്തലുമായി ആർ എസ് എസ് സൈദ്ധാന്തികൻ

Wednesday 10 September 2025 7:40 PM IST

ന്യൂഡൽഹി: മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിന്റെ രാജിയിലേക്ക് നയിച്ച കാരണങ്ങളെ കുറിച്ച് വെളിപ്പെടുത്തലുമായി ആർ.എസ്.എസ് സൈദ്ധാന്തികൻ എസ്,​ ഗുരുമൂർത്തി,​ ധൻകർ ഭരണകക്ഷിക്ക് ഹിതകരമല്ലാത്ത രീതിയിൽ പെരുമാറിയതിനാൽ കേന്ദ്രസർക്കാർ ഇംപീച്ച്മെന്റിന് ഒരുങ്ങിയിരുന്നതായി ഗുരുമൂർത്തി ഒരു തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഇതോടെയാണ് ധൻകർ രാജിവയ്ക്കേണ്ട സാഹചര്യം ഉണ്ടായതെന്ന് അദ്ദേഹം വെളിപ്പെടുത്തി,​ ഏതോ വിഷയത്തിൽ സർക്കാരുമായി അഭിപ്രായ വ്യത്യാസമുണ്ടായി. ഭരണകക്ഷിക്ക് അദ്ദേഹത്തോട് സ്ഥാനം ഒഴിയാനും രാജി വയ്ക്കണമെന്ന് പറയാനും അവകാശമുണ്ട്. സർക്കാർ ഇംപീച്ച്മെന്റിന് നീക്കം നടത്തിയിരുന്നതായും കൂടുതൽ വിവരങ്ങൾ അറിയില്ലെന്നും ഗുരുമൂർത്തി പറഞ്ഞു.

അതേസമയം അനാരോഗ്യത്തെ തുടർന്നാണ് ധൻകർ രാജി വച്ചതെന്നാണ് കേന്ദ്രസർക്കാരും ബി.ജെ.പിയും വ്യക്തമാക്കിയിരുന്നത്. വർഷകാല സമ്മേളനത്തിന്റെ ആദ്യദിനത്തിലായിരുന്നു ജഗ്ദീപ് ധൻകറിന്റെ അപ്രതീക്ഷിത രാജി പ്രഖ്യാപനം. ജൂലായ് 21ന് വൈകിട്ട് രാഷ്ട്രപതി ദ്രൗപദി മുർമുവുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു സമൂഹ മാദ്ധ്യമങ്ങളിലൂടെ രാത്രി അദ്ദേഹം രാജി പ്രഖ്യാപിച്ചത്. രാജ്യത്തിന്റെ വളർച്ചയിൽ അഭിമാനത്തോടെയാണ് താൻ പദവി ഒഴിയുന്നതെന്നും പാർലമെന്റിലെ അംഗങ്ങളോട് തന്റെ സ്നേഹം അറിയിക്കുന്നുവെന്നും അദ്ദേഹം രാജിക്കത്തിൽ വ്യക്തമാക്കിയിരുന്നു. ഡൽഹിയിലെ വസതിയിൽ നിന്ന് നോട്ടുകെട്ടുകൾ കണ്ടെത്തിയ സംഭവത്തിൽ ജസ്റ്റിസ് യശ്വന്ത് വർമക്കെതിരായ ഇംപീച്ച്‌മെന്റ് നടപടിയിൽ കേന്ദ്ര സർക്കാരും ജഗ്ദീപ് ധൻകറുമുള്ള തർക്കമാണ് രാജിയിലേയ്ക്ക് നയിച്ചതെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.