ഉദിയൻകുളങ്ങര-പഴയ ഉച്ചക്കട പി.ഡബ്ല്യു.ഡി റോഡ് അപകടത്തുരുത്താകുന്നു

Thursday 11 September 2025 1:02 AM IST

പാറശാല: ബൈപ്പാസ് റോഡ് നിർമ്മാണത്തിലെ അപാകത കാരണം ദിനംപ്രതി അപകടങ്ങളും ഗതാഗത തടസങ്ങളുമുണ്ടാകുന്നു. കഴക്കൂട്ടം-കാരോട് ബൈപ്പാസ് റോഡിന് കുറുകെ കടന്നുപോകുന്ന ഉദിയൻകുളങ്ങര-പഴയ ഉച്ചക്കട പി.ഡബ്ല്യു.ഡി റോഡിലാണ് അപകടങ്ങൾ പതിവാകുന്നത്. ബൈപ്പാസ് റോഡിന് അടിയിലൂടെ കടന്നുപോകുന്ന റോഡിനായി നിർമ്മിച്ചിട്ടുള്ള പാലത്തിന്റെ നിർമ്മാണത്തിലെ അപാകതയാണ് കാരണം. പാലത്തിന് വീതി കുറവായതിനാൽ ഉദിയൻകുളങ്ങര-പൊഴിയൂർ റോഡിൽ ഇരുഭാഗത്തുനിന്നെത്തുന്ന വാഹനങ്ങൾക്ക് യഥേഷ്ടം കടന്നുപോകാനാകില്ല. പാലത്തിനടിയിൽ ഒരു വശത്ത് നിന്നെത്തുന്ന വാഹനങ്ങൾ കടന്നുപോകുന്നതിനയി മറുവശത്ത് എത്തുന്ന വാഹങ്ങൾക്ക് കാത്തുനിൽക്കണം. ഉദിയൻകുളങ്ങര ഭാഗത്തുനിന്ന് ബൈപ്പാസ് റോഡിലേക്ക് പ്രവേശിക്കുന്നതിനായി പാലത്തിനടിയിലൂടെ ചെങ്കുത്തായ സർവീസ് റോഡിലേക്കെത്തുന്ന വാഹനങ്ങൾക്ക് യഥേഷ്ടം തിരിയാൻ കഴിയാത്തതിനാൽ മണിക്കൂറുകളോളം ഗതാഗത തടസമുണ്ടാകാറുണ്ട്.

അപകടമുന്നറിയിപ്പുകളില്ല,

സ്ട്രീറ്റ് ലൈറ്റില്ല, ഓടയില്ല

ബൈപ്പാസ് റോഡിന് ഇരുവശത്തായും കീഴ്ക്കാംതൂക്കായ നിലയിലെ സർവീസ് റോഡുകളിൽ നിന്നും ഉദിയൻകുളങ്ങര-പഴയ ഉച്ചക്കട റോഡിലേക്ക് അമിതവേഗത്തിലെത്തുന്ന വാഹനങ്ങളുടെ വേഗത നിയന്ത്രിക്കുന്നതിനുള്ള അപകട മുന്നറിയിപ്പുകളോ നിയന്ത്രങ്ങളോ സ്ഥാപിക്കാത്തതിനാൽ അപകടം പതിവാണ്. സർവീസ് റോഡുകളിലും പാലത്തിന് അടിയിലും ഓടകൾ നിർമ്മിക്കാത്തതിനാൽ മഴക്കാലങ്ങളിൽ ബൈപ്പാസ് റോഡിൽനിന്നും സർവീസ് റോഡുകളിൽ നിന്നുമെത്തുന്ന വെള്ളം പി.ഡബ്ല്യു.ഡി റോഡിലേക്ക് ഒഴുകിയെത്തി പ്രദേശം വെള്ളത്തിൽ മുങ്ങും.

പാലത്തിന് അടിയിലും സമീപ പ്രദേശങ്ങളിലും തെരുവ് വിളക്കുകൾ സ്ഥാപിച്ചിട്ടില്ലാത്തതിനാൽ സന്ധ്യ കഴിഞ്ഞാൽ പാലത്തിനടിയിലൂടെയുള്ള യാത്ര ബുദ്ധിമുട്ടേറിയതാണ്. പാലം ഭീഷണിയാകുന്നു കഴക്കൂട്ടം-കാരോട് ബൈപ്പാസ് റോഡിന്റെ നിർമ്മാണത്തിന്റെ ആരംഭഘട്ടത്തിൽ ഈ മേഖലയിൽ ആദ്യമായി നിർമ്മിച്ച പാലമാണ് പ്ലാമൂട്ടുക്കട ഷാപ്പ്‌മുക്കിന് സമീപത്തായുള്ള പാലം. വേണ്ടത്ര കരുതലുകളില്ലാതെ നിർമ്മിച്ച പാലം യാത്രക്കാർക്ക് ഭീഷണിയായിട്ടുണ്ട്. പ്രദേശത്തെ അപകടങ്ങളും ഗതാഗതതടസങ്ങളും ഇല്ലാതാക്കുന്നതിനായി പാലത്തിന്റെ നിർമ്മാണത്തിലെ അപാകതകൾ പരിഹരിച്ച് പുനർനിമ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.