5 കിലോ കഞ്ചാവുമായി യുവതി പിടിയിൽ
വർക്കല: ഇലകമൺ കൊച്ചുപാരിപ്പള്ളിയിൽ 5 കിലോ കഞ്ചാവുമായി യുവതി പിടിയിൽ. പാരിപ്പള്ളി കോട്ടയ്ക്കേറം
കീഴതിൽവീട്ടിൽ ചിഞ്ചു(38) ആണ് ഡാൻസാഫ് സംഘത്തിന്റെ പിടിയിലായത്. യുവതി താമസിച്ചിരുന്ന കളത്തറയിലെ വാടക വീട്ടിൽ കഞ്ചാവ് വില്പന ഉണ്ടെന്നുള്ള രഹസ്യവിവരത്തെ തുടർന്നാണ് ഡാൻസാഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പരിശോധന നടത്തിയത്. ലഹരിക്കച്ചവടക്കാരനായ വടക്കൻ എന്ന് വിളിക്കുന്ന രാജേഷിനൊപ്പമായിരുന്നു ചിഞ്ചു താമസിച്ചിരുന്നത്. ഒൻപത് മാസം മുൻപ് 26 കിലോ കഞ്ചാവുമായി രാജേഷിനെ തമിഴ്‍നാട് പൊലീസ് പിടികൂടി. നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ട് പ്രകാരം രാജേഷ് ഇപ്പോൾ തമിഴ്‌നാട്ടിൽ ജയിൽശിക്ഷ അനുഭവിച്ചു വരികയാണ്. ഇയാൾ അറസ്റ്റിലായ ശേഷമാണ് ചിഞ്ചു കൊച്ചുപാരിപ്പള്ളിയിൽ വാടകയ്ക്ക് വീടെടുക്കുന്നത്.രാജേഷിന്റെ ലഹരി ബന്ധങ്ങളും വില്പനയും ചിഞ്ചു തുടർന്ന് വരികയായിരുന്നുവെന്നാണ് ഡാൻസാഫിന്റെ നിഗമനം. നടപടികൾ പൂർത്തിയാക്കി ചിഞ്ചുവിനെ അയിരൂർ പൊലീസിന് കൈമാറി.എൻ.ഡി.പി.എസ് വകുപ്പ് ചുമത്തി ചിഞ്ചുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് അയിരൂർ പൊലീസ് പറഞ്ഞു.