വർഗീയതയ്ക്കെതിരെ ബഹുജന സദസ്സ്

Thursday 11 September 2025 12:23 AM IST
പ്രതിഷേധം

പഴയങ്ങാടി: മാടായിപ്പാറയുടെ മറവിൽ നാട്ടിൽ വർഗ്ഗീയ വിഭജനം സൃഷ്ടിക്കാനുള്ള ശ്രമമാണ് ബി.ജെ.പിയും ആർ.എസ്.എസും ജമാഅത്തെ ഇസ്ലാമിയും ശ്രമിക്കുന്നതെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ് പറഞ്ഞു. ജമാത്തെ ഇസ്ലാമിയുടെ മറുവാക്കാണ് ആർ.എസ്.എസ് എന്നും അദ്ദേഹം പറഞ്ഞു. മാടായിപ്പാറയിലെ ദേവസ്വം ഭൂമിയിൽ ജമാഅത്തെ ഇസ്ലാമിയുടെ പോഷക സംഘടനയായ ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷൻ നടത്തിയ പലസ്തീൻ ഐക്യദാർഢ്യ പ്രകടനത്തിനെതിരെ ബി.ജെ.പിയും ആർ.എസ്.എസും രംഗത്തുവന്നതിനെ തുടർന്ന് സി.പി.എം മാടായി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വർഗീയതക്കെതിരെ പഴയങ്ങാടിയിൽ നടത്തിയ ബഹുജന സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എരുപുരത്ത് നിന്ന് ആരംഭിച്ച് പഴയങ്ങാടി ബസ് സ്റ്റാൻഡിൽ സമാപിച്ച പ്രതിഷേധ പ്രകടനവും നടന്നു. എം. വിജിൻ എം.എൽ.എ, ടി.വി രാജേഷ്, കെ. പത്മനാഭൻ, വി. വിനോദ് എന്നിവർ സംസാരിച്ചു.