ആദ്യ പീഡനത്തിലെ റിമാൻഡ് കഴിഞ്ഞ് വീണ്ടും പീഡനം: പ്രതിക്ക് 23 വർഷം തടവ്

Thursday 11 September 2025 2:36 AM IST

ആദ്യ കേസിലെ ശിക്ഷ- 50 വർഷത്തെ തടവ്

തിരുവനന്തപുരം: പതിനാറുകാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ ജയിൽവാസം അനുഭവിച്ചശേഷം, വീണ്ടും പീഡിപ്പിച്ച കേസിൽ പ്രതിയായ പൂങ്കുളം വെങ്കലമണൽ വീട്ടിൽ സുജിത്തിന് (24) 23 വർഷം കഠിന തടവും 20000 രൂപ പിഴയും ശിക്ഷ. തിരുവനന്തപുരം അതിവേഗ പോക്സോ കോടതി ജഡ്‌ജി അഞ്ജു മീര ബിർളയുടേതാണ് ഉത്തരവ്. പിഴയടച്ചില്ലെങ്കിൽ എട്ട് വർഷം കൂടുതൽ തടവുശിക്ഷ അനുഭവിക്കണം. പിഴത്തുക കുട്ടിക്ക് നൽകണം.

2022 മാർച്ച് 12നായിരുന്നു കേസിനാസ്പദമായ സംഭവം.കുട്ടിയും പ്രതിയും പ്രണയത്തിലായിരുന്നു. പ്രതി വിവാഹ വാഗ്ദാനം നൽകിയിരുന്നു. പ്രായപൂർത്തിയാകാത്ത കുട്ടിയെ തട്ടിക്കൊണ്ടുപോയി വർക്കലയിൽ വച്ച് രണ്ട് ദിവസം പീഡിപ്പിച്ചെന്നാണ് പ്രോസിക്യൂഷൻ കേസ്. ഈ കേസിന് മുൻപ് 2021 സെപ്തംബറിൽ പ്രതി കുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറി പല ദിവസങ്ങളിലും പീഡിപ്പിച്ചതിന് മറ്റൊരു കേസുമുണ്ടായിരുന്നു. ഈ കേസിൽ റിമാൻഡിൽ കഴിഞ്ഞശേഷം ജാമ്യത്തിലിറങ്ങിയാണ് വീണ്ടും പീഡിപ്പിച്ചത്. കുട്ടിയുടെ വസ്ത്രങ്ങളിൽ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചപ്പോൾ അതിൽ പുരുഷ ബീജത്തിന്റെ അംശം കണ്ടെത്തിയിരുന്നു. ആദ്യത്തെ കേസിൽ പ്രതിക്ക് 50 വർഷം കഠിനതടവിന് ഇതേ കോടതി ശിക്ഷിച്ചിരുന്നു.പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ ഹാജരായി.