അടിപൊളി ബിരിയാണിയൊരുക്കി കഞ്ഞിക്കുഴിയിലെ അങ്കണവാടികൾ
ചേർത്തല: അങ്കണവാടിയിലെത്തിയ കുഞ്ഞുങ്ങൾക്ക് സംസ്ഥാന സർക്കാർ പരിഷ്‌കരിച്ച വിധമുള്ള ഭക്ഷണമൊരുക്കി വരവേറ്റ് കഞ്ഞിക്കുഴി പഞ്ചായത്ത്. പഞ്ചായത്തിലെ പതിനെട്ടു വാർഡുകളിലായി മുപ്പത് അങ്കണവാടിയിലും ഉച്ചഭക്ഷണമായൊരുക്കിയത് മുട്ടബിരിയാണിയായിരുന്നു.പഴവർഗ്ഗങ്ങളും അധികമായി നൽകി. ചില അങ്കണവാടികളിൽ പുതുക്കിയ മാതൃകാ മെനു വരുന്നതിനു മുമ്പേമാസത്തിൽ ഒരു ദിവസം ബിരിയാണി നൽകിവരുന്നുണ്ട്. കഞ്ഞിക്കുഴിയിലെ ബഹുഭൂരിപക്ഷം അങ്കണവാടികളിലും ശിശുസൗഹൃദ സംവിധാനങ്ങൾ പഞ്ചായത്തിന്റെയും വകുപ്പുകളുടേയും സന്നദ്ധ സംഘടനകളുടേയും സഹായത്തോടെ ഇതിനകം ഒരുക്കിയിട്ടുണ്ട്.ശേഷിക്കുന്ന അങ്കണവാടികൾക്ക് സൗകര്യങ്ങൾ ഒരുക്കുന്ന തിരക്കിലാണ് പഞ്ചായത്തെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാർത്തികേയനും വൈസ് പ്രസിഡന്റ് അഡ്വ.എം.സന്തോഷ് കുമാറും പറഞ്ഞു. എല്ലാ ചൊവ്വാഴ്ചയും മുട്ട ബിരിയാണിയും ശനിയാഴ്ചകളിൽ മുട്ട പുലാവുമാണ് നൽകുന്നത്.