ഓണാഘോഷത്തിനിടെ കനകക്കുന്നിൽ സംഘർഷം; പൊലീസ് ലാത്തിവീശി
തിരുവനന്തപുരം: സർക്കാരിന്റെ ഓണാഘോഷം സമാപനത്തോടനുബന്ധിച്ച് കനകക്കുന്ന് നിശാഗന്ധിയിൽ നടത്തിയ ഗാനമേളയ്ക്കിടെ സംഘർഷം.നിയന്ത്രണങ്ങൾ ലംഘിച്ചും പരിപാടി അലങ്കോലപ്പെടുത്താനും ശ്രമിച്ച സംഘങ്ങൾക്ക് നേരെ പൊലീസ് ലാത്തിവീശി.പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതിന് കണ്ടാലറിയാവുന്നവർക്കെതിരെ മ്യൂസിയം പൊലീസ് കേസെടുത്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ സിറ്റി പൊലീസ് കമ്മിഷണർ നിർദ്ദേശം നൽകിയിട്ടുണ്ട്.
ചൊവ്വാഴ്ച രാത്രി വിനീത് ശ്രീനിവാസൻ നയിച്ച ഗാനമേള നടക്കുന്നതിനിടെയായിരുന്നു സംഘർഷം.ഇതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.പരിപാടിക്കിടെ ഒരു സംഘമാളുകൾ പൊലീസ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യാൻ ശ്രമിക്കുന്നതും, പിന്നീട് പൊലീസ് ലാത്തിവീശുന്നതും ദൃശ്യങ്ങളിലുണ്ട്. ഓഡിറ്റോറിയത്തിന്റെ മൂലയ്ക്ക് നിന്നിരുന്ന പൊലീസ് ഉദ്യോഗസ്ഥരെ പിടിച്ചുതള്ളുകയും പ്രശ്നമുണ്ടാക്കുകയും ചെയ്ത യുവാവിനെ പൊലീസ് ലാത്തികൊണ്ട് അടിക്കുന്നതും ദൃശ്യത്തിൽ കാണാം.
അതേസമയം, തിരക്ക് നിയന്ത്രിക്കാനുള്ള ശ്രമങ്ങൾക്കിടെ ഉദ്യോഗസ്ഥരെ തള്ളിമാറ്റി സ്ത്രീകൾക്കിടയിലേക്ക് തള്ളിക്കയറാനാണ് യുവാക്കളുടെ സംഘം ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. പലതവണ വിലക്കിയിട്ടും പ്രശ്നമുണ്ടാക്കുന്നത് തുടരുകയും തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയുമായിരുന്നു.തുടർന്നാണ് ഉദ്യോഗസ്ഥർ ലാത്തിവീശിയത്. സംഭവത്തിൽ പ്രശ്നമുണ്ടാക്കിയത് ആരൊക്കെയാണെന്ന് കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.