ജനപ്രതിനിധിയാകാൻ കിലയിൽ ത്രിദിന പരിശീലനം : വരൂ, നാടിന്റെ നായികയാകാം

Thursday 11 September 2025 12:03 AM IST

തൃശൂർ: സ്ത്രീകൾക്കായി പ്രത്യേക പരിശീലന പരിപാടി നടത്തി നേതൃപാടവവും അറിവും വികസിപ്പിച്ച് തിരഞ്ഞെടുപ്പിന് സജ്ജമാക്കാനുള്ള നീക്കവുമായി കില (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലോക്കൽ അഡ്മിനിസ്‌ട്രേഷൻ). ഈ വർഷത്തെ തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിൽ മികച്ച ജനപ്രതിനിധികളെ വാർത്തെടുക്കലാണ് പ്രധാന ലക്ഷ്യം.

മൂന്ന് ദിവസമായി നടക്കുന്ന പരിശീലന പരിപാടിയിൽ പ്രാദേശിക ഭരണം, തിരഞ്ഞെടുപ്പ് നടപടിക്രമം, ആശയ വിനിമയശേഷി, സോഷ്യൽ മീഡിയ ഉപയോഗം, നേതൃപാടവം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെക്കുറിച്ചുള്ള അറിവ്, വികസന ആശയം, ചോദ്യങ്ങളെ അഭിമുഖീകരിക്കാനുള്ള കഴിവ്, സമയപരിപാലനം എന്നിവയ്ക്ക് ഊന്നൽ നൽകും. പരിശീലനം പൂർത്തിയാക്കി, തിരഞ്ഞെടുപ്പിനെ നേരിടാൻ സ്ത്രീകളെ പ്രാപ്തരാക്കുക എന്നതാണ് കില ലക്ഷ്യമിടുന്നത്. പരിശീലനം കിലയുടെ വിവിധ കേന്ദ്രങ്ങളിൽ സംഘടിപ്പിക്കും.

അവസരം ആയിരം പേർക്ക്

ആദ്യം രജിസ്റ്റർ ചെയ്യുന്ന ആയിരം പേർക്കാണ് പങ്കെടുക്കാൻ അവസരം. ക്യു.ആർ കോഡ് സ്‌കാൻ ചെയ്‌തോ ലിങ്ക് മുഖാന്തരമോ രജിസ്റ്റർ ചെയ്യാം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വനിതാ ജനപ്രതിനിധികൾക്ക് കിലയുടെ നേതൃത്വത്തിൽ ജില്ലാ കൺവെൻഷനുകൾ നടത്തിയിരുന്നു. നേതൃശേഷി, കാര്യശേഷി, വികസനം, അനുഭവം, മുന്നോട്ടുള്ള പ്രവർത്തനം തുടങ്ങിയവ കൺവെൻഷനുകളിൽ ചർച്ചയായി. കഴിഞ്ഞ തിരഞ്ഞെടുപ്പിന് ശേഷവും ജനപ്രതിനിധികൾക്ക് പരിശീലനം നൽകിയിരുന്നു. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകൾക്കും നഗരസഭകൾക്കും പ്രത്യേകം പ്രത്യേകം മൊഡ്യൂളുകളുണ്ടായിരുന്നു. കൊവിഡ് സാഹചര്യത്തിൽ ഓൺലൈൻ മുഖേനയായിരുന്നു പരിപാടി.

ലക്ഷ്യം:

ആത്മവിശ്വാസത്തോടെ തിരഞ്ഞെടുപ്പിനെ നേരിട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃസ്ഥാനത്തേക്ക് എത്താൻ ആഗ്രഹിക്കുന്ന സ്ത്രീകളുടെ കഴിവും ശേഷിയും വികസിപ്പിക്കുക.

വിഷയങ്ങൾ സമഗ്രം

പ്രാദേശിക തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ

നോമിനേഷൻ

ഫോം പൂരിപ്പിക്കൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഘടനയും സാദ്ധ്യതകളും സോഷ്യൽ മീഡിയ ഫലപ്രദമായി ഉപയോഗിക്കാൻ പഠിക്കൽ

ഫലപ്രദമായ ആശയവിനിമയം

പ്രസംഗപരിശീലനം

ടൈം മാനേജ് മെന്റ്

നേതൃപാടവ ശേഷി

പ്രശ്‌നങ്ങളെ നേരിടാനുള്ള ശേഷി

സോഫ്റ്റ് സ്‌കില്ലുകൾ

പ്രാദേശിക വികസന ആശയങ്ങൾ.

അപേക്ഷിക്കാനുള്ള അവസാന തിയതി: സെപ്തംബർ 25.

ലിങ്ക്: https://www.kila.ac.in

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കൊവിഡ് കാലമായതിനാൽ ഓൺലൈനിലാണ് നടത്തിയത്. ഇത്തവണ വിപുലമായി നടത്താനാണ് ശ്രമം.

എ.നിസാമുദ്ദീൻ ഡയറക്ടർ ജനറൽ, കില.