ദളിത് യുവതിക്കെതിരെ വ്യാജ മാല മോഷണക്കേസ്: നടപടിക്ക് സാദ്ധ്യത

Thursday 11 September 2025 2:07 AM IST

തിരുവനന്തപുരം: മാലമോഷണക്കുറ്റം ആരോപിച്ച് നി​ര​പ​രാ​ധി​യാ​യ​ ​ദ​ളി​ത് ​യു​വ​തി​യെ, പേരൂർക്കട സ്റ്റേഷനിൽ 21 മണിക്കൂർ കസ്റ്റഡിയിൽ പീഡിപ്പിച്ച സംഭവത്തിൽ കള്ളപ്പരാതി നൽകിയവർക്കെതിരെ നടപടിക്ക് സാദ്ധ്യത. പരാതിക്കാരിയായ വീട്ടുടമ ഓമന ഡാനിയേൽ, കള്ളക്കേസിന് കൂട്ടുനിന്ന പൊലീസ് ഉദ്യോഗസ്ഥർ എന്നിവർക്കെതിരായ പരാതി ഇന്ന് മനുഷ്യാവകാശ കമ്മിഷൻ പരിഗണിക്കും.

പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ ശുപാർശ.ഓമന ഡാനിയലിന്റെ വീട്ടിൽ ജോലിക്ക് നിന്ന ബിന്ദുവിനെതിരെ വ്യാജ മോഷണക്കുറ്റം ചുമത്തിയാണ് പൊലീസ് കസ്റ്റഡിയിൽ വച്ചത്. ഉദ്യോഗസ്ഥർക്കെതിരായ നടപടി, ബിന്ദുവിനുള്ള നഷ്ടപരിഹാരം തുടങ്ങിയ കാര്യങ്ങളിൽ കമ്മിഷൻ ഇന്ന് തീരുമാനമെടുത്തേക്കും.കമ്മിഷന്റെ ഉത്തരവിനെത്തുടർന്നാണ് ജില്ലയ്ക്ക് പുറത്തെ ഡിവൈ.എസ്.പിക്ക് അന്വേഷണച്ചുമതല നൽകിയത്. പീഡനത്തെക്കുറിച്ച് കമ്മിഷൻ സ്വമേധയാ കേസെടുക്കുകയായിരുന്നു.