നീർക്കാക്ക പണിപറ്റിക്കും, ഇരിക്കാൻ വയ്യേ, നടക്കാനും...
തൃശൂർ: 'നടക്കാൻ വയ്യ, കുട്ടികൾക്ക് കളിക്കാൻ വയ്യ...' തൃശൂർ റെയിൽവേ സ്റ്റേഷൻ ക്വാർട്ടേഴ്‌സിൽ എവിടെത്തിരിഞ്ഞാലും നീർക്കാക്കയുടെ കാഷ്ഠം. തൃശൂർ റെയിൽവേ സ്റ്റേഷന്റെ പൂത്തോൾ ഭാഗത്തെ മേൽപ്പാലത്തിന് സമീപമാണ് നീർക്കാക്കകൾ ശല്യമാകുന്നത്. ഗാംഗ്മാൻ, ട്രാഫിക്, ട്രാക്ക് മാൻ എന്നിങ്ങനെയുള്ള റെയിൽവേ ജീവനക്കാരുടെ 20 ഓളം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. ഇതിൽ ആറോളം കുടുംബങ്ങൾ നീർക്കാക്ക ശല്യം കാരണം മാറിപ്പോയിട്ടുമുണ്ട്. ആകെ 26 കുടുംബങ്ങൾക്ക് താമസിക്കാനുള്ള സൗകര്യമാണ് ഇവിടെയുള്ളത്.
റെയിൽവേ സ്റ്റേഷൻ കവാടത്തിൽ ഇരുവശങ്ങളിലുമായി നിന്ന മരങ്ങളിൽ നീർക്കാക്കയുടെ ശല്യം മുൻപ് രൂക്ഷമായിരുന്നു. ഇതേത്തുടർന്ന് റെയിൽവേ സ്റ്റേഷനിലേക്ക് ഇറങ്ങുന്ന ഭാഗത്തെയും കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് മുൻപിൽ ഗുരുവായൂർ ഭാഗത്തേക്കുള്ള ബസുകൾ നിറുത്തുന്ന സ്ഥലത്തെയും മരങ്ങൾ മുറിച്ചു നീക്കിയാണ് ശല്യം ഒഴിവാക്കിയത്. ഇതോടെയാണ് റെയിൽവേ ക്വാർട്ടേഴ്‌സിന്റെ ഭാഗത്തേക്ക് നീർക്കാക്കകൾ കൂടുമാറിയത്.
ഒല്ലൂർ, തൃശൂർ, ചാലക്കുടി, ഗുരുവായൂർ റെയിൽവേ സ്റ്റേഷനുകൾക്ക് കീഴിലുള്ള ഇതര സംസ്ഥാന ജീവനക്കാരാണ് കൊക്കാലെയിലെ റെയിൽവേ ക്വാർട്ടേഴ്‌സിൽ കൂടുതലായും താമസിക്കുന്നത്. പക്ഷിപ്രശ്‌നം എങ്ങനെ തീർക്കുമെന്നറിയാതെ...
യാത്രക്കാർക്കും രക്ഷയില്ല
മൂന്നും നാലും പ്ലാറ്റ്‌ഫോമുകളിൽ നിന്നും ട്രെയിനിറങ്ങി ശക്തൻ, കെ.എസ്.ആർ.ടി.സി സ്റ്റാൻഡുകളിലേക്ക് പോകുന്നവരും വഞ്ചിക്കുളം ഭാഗത്ത് നിന്നും കൊക്കാലെ ഭാഗത്തേക്ക് റെയിൽവേ മേൽപ്പാലം വഴി വരുന്നവരും നീർക്കാക്കകളുടെ ഇരയാകാറുണ്ട്. നടന്നുവരുന്ന വഴിയിലെ മരങ്ങളിലുള്ള നീർക്കാക്കകൾ കാഷ്ഠിച്ചത് ശരീരത്തിൽ നിന്നും കഴുകിക്കളയാൻ തൊട്ടടുത്ത കടകളിലും മറ്റുമാണ് ആശ്രയിക്കാറ്.
പാർക്കിലും പ്ലാറ്റ്‌ഫോമിലും
റെയിൽവേ ക്വാർട്ടേഴ്‌സിൽ കുട്ടികൾക്ക് കളിക്കാനുള്ള പാർക്കിലാണ് നീർക്കാക്കകളുടെ ശല്യം കൂടുതൽ. ഇരുപതോളം കുടുംബങ്ങളിലായി പതിനഞ്ചോളം കുട്ടികളാണ് ഇവിടെയുള്ളത്. നീർക്കാക്ക ശല്യം രൂക്ഷമായതോടെ ഇവർക്ക് കളിസ്ഥലം നഷ്ടപ്പെട്ട സ്ഥിതിയാണ്.
എന്തൊരു ശല്യം?
'രാവിലെ കഴുകിത്തുടച്ച് വന്നാലും വൈകിട്ടാകുമ്പോൾ ഓട്ടോയിൽ ആള് കയറാൻ മടിക്കും. ഈ ആല് മുഴുവൻ നീർക്കാക്കയാണ്...' ശക്തൻ ബസ് സ്റ്റാൻഡിന് മുൻപിൽ ഓട്ടോറിക്ഷ ഓടിക്കുന്ന സുജിത്തിനും പറയാനുള്ളത് ഇതേ പരിഭവം. ആലിന് മുകളിൽ നിന്നും കാഷ്ഠിക്കുന്നത് ഓട്ടോയിൽ വീഴാതിരിക്കാൻ ആദ്യം ടാർപോളിൻ വലിച്ചുകെട്ടി, എന്നിട്ടും രക്ഷയില്ല. പൊറുതിമുട്ടിയിരിക്കുകയാണ് ഓട്ടോറിക്ഷാ തൊഴിലാളികൾ.
കുട്ടികൾക്ക് കളിക്കാൻ സ്ഥലം ഇല്ലാതായി. വഴി നടക്കാൻ പറ്റില്ല. ഭക്ഷണം കഴിക്കാൻ പോലും ഈ ദുർഗന്ധം കാരണം കഴിയാറില്ല. ഈ സ്വൈര്യക്കേട് എവിടെയാ പരാതിപ്പെടേണ്ടത് എന്നറിയില്ല.
-ഹിതേഷ് ശർമ്മ, റെയിൽവേ ക്വാർട്ടേഴ്‌സ് താമസക്കാരൻ