കണ്ണൂർ കോർപറേഷനിൽ തിരഞ്ഞെടുപ്പ് ഒരുക്കം സീറ്റ് വിഭജന ചർച്ചയിലേക്ക് യു.ഡി.എഫ്

Thursday 11 September 2025 12:04 AM IST
യു.ഡി.എഫ്

 കൂടുതൽ സീറ്റിനായി ലീഗ്

കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് കണ്ണൂർ കോർപറേഷനിൽ യു.ഡി.എഫ് സീറ്റ് വിഭജനചർച്ചകളിലേക്ക്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 17 സീറ്റിൽ മത്സരിച്ച മുസ്ലീം ലീഗ് ഇത്തവണ 20 സീറ്റാണ് ആവശ്യപ്പെടുന്നത്. വാരം, വെത്തിലപ്പള്ളി, തെക്കി ബസാർ എന്നീ വാർഡുകൾ കൂടി വേണമെന്നാണ് ലീഗ് പ്രാദേശിക നേതൃത്വങ്ങളുടെ നിലപാട്. അതേസമയം കഴിഞ്ഞ തവണ 36 സീറ്റിൽ മത്സരിച്ച കോൺഗ്രസ് തങ്ങളുടെ പ്രാതിനിധ്യം കുറയ്ക്കാൻ തയ്യാറാകില്ലെന്ന് ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ യു.ഡി.എഫിനുള്ളിൽ സീറ്റ് വിഭജനം സങ്കീർണമായേക്കും.

സംവരണ വാർഡുകളുടെ നറുക്കെടുപ്പിനു ശേഷം ജില്ലാ തലത്തിൽ സീറ്റ് വിഭജന ചർച്ചകൾ നടക്കുമെന്നാണ് പ്രതീക്ഷ. ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ ചർച്ചകൾ ആരംഭിക്കുമെന്ന് സൂചനകൾ ലഭിക്കുന്നുണ്ട്. പ്രാദേശിക ഘടകങ്ങളുടെ ആവശ്യങ്ങൾ പരിഗണിച്ച് ജില്ലാനേതൃത്വം സമവായത്തിലെത്താൻ ശ്രമിക്കുമെന്നാണ് കരുതുന്നത്.

കോൺഗ്രസിന് 21 അംഗങ്ങൾ 55 അംഗ കോർപറേഷൻ കൗൺസിലിൽ നിലവിൽ കോൺഗ്രസിന് 21 അംഗങ്ങൾ (ഒരു വിമതൻ ഉൾപ്പെടെ) ആണുള്ളത്. മുസ്ലീം ലീഗിന് 14 അംഗങ്ങളും. സി.പി.എമ്മിന് പതിനെട്ടും സി.പി.ഐക്കും ബി.ജെ.പിക്കും ഒന്നു വീതവും അംഗങ്ങളാണുള്ളത്. വാർഡുകളുടെ എണ്ണം 55ൽ നിന്ന് 56 ആയി വർദ്ധിച്ചിട്ടുണ്ട്.

മേയർ പദവി പങ്കിടലിലും ചർച്ച മൂന്ന് വർഷം കോൺഗ്രസും രണ്ട് വർഷം മുസ്ലീം ലീഗും എന്ന തരത്തിലാണ് നിലവിലുള്ള ഭരണസമിതിയുടെ കാലത്ത് മേയർ പദവി പങ്കിട്ടിരിക്കുന്നത്. എന്നാൽ ഇത് രണ്ടര വർഷം വീതമാക്കണമെന്ന അഭിപ്രായവും ലീഗ് പ്രാദേശിക നേതൃത്വത്തിനിടയിൽ സജീവമാണ്.