മൂന്നാം രാജ്യം വഴി വിസ അപേക്ഷ നിറുത്തലാക്കി യു.എസ്
ന്യൂഡൽഹി: മറ്റൊരു രാജ്യത്തു നിന്ന് വിസയ്ക്ക് അപേക്ഷിക്കാനുള്ള സൗകര്യം അമേരിക്ക നിറുത്തലാക്കി. വിദ്യാർത്ഥി(എഫ് 1), സന്ദർശക(ബി1, ബി2), ജോലി(എച്ച്-1ബി, ഒ-1) വിസകൾക്ക് ഇത് ബാധകമാണ്. ഇന്ത്യക്കാർക്ക് ഇനി ഇന്ത്യയിലെ യു.എസ് കോൺസുലേറ്റുകൾ വഴി മാത്രമേ അപേക്ഷിക്കാനാകൂ.
മറ്റു രാജ്യത്തു നിന്ന് അപേക്ഷിക്കാനുള്ള സൗകര്യം കൊവിഡ് കാലത്താണ് ഏർപ്പെടുത്തിയതാണ്. സിംഗപ്പൂർ, തായ്‌ലൻഡ്, ജർമ്മനി, ബ്രസീൽ തുടങ്ങിയ രാജ്യങ്ങൾ വഴി അപേക്ഷിക്കാമായിരുന്നു.
യു.എസ് വിസ ലഭിക്കാൻ ചെന്നൈ കോൺസുലേറ്റ് വഴി ഒമ്പത് മാസം വരെയും കൊൽക്കത്തയിൽ അഞ്ചുമാസവും മുംബയ്, ഹൈദരാബാദ് കോൺസുലേറ്റുകൾ വഴി മൂന്ന് മാസവും സമയമെടുക്കും. കോൺസുലേറ്റുകളിൽ പുതിയ ഡിജിറ്റൽ സ്ക്രീനിംഗ് പ്രോട്ടോക്കോൾ വന്നതോടെയാണ് നടപടിക്രമങ്ങൾക്ക് കൂടുതൽ സമയമെടുക്കുന്നത്. കാലതാമസം നേടുന്നതിനാൽ വിദ്യാർത്ഥികളാണ് മൂന്നാംരാജ്യം വഴിയുള്ള സൗകര്യം കൂടുതലും ഉപയോഗപ്പെടുത്തിയിരുന്നത്.
സ്വന്തം രാജ്യത്ത് യു.എസ് വിസ ഓഫീസ് പ്രവർത്തിക്കാത്ത സാഹചര്യമെങ്കിൽ മാത്രം മറ്റു രാജ്യങ്ങളിൽ നിന്ന് അപേക്ഷിക്കാമെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഉത്തരവിൽ പറയുന്നു. നിലവിൽ വിദേശത്ത് നടപടിക്രമങ്ങൾ തുടങ്ങിയവർക്ക് അവ റദ്ദാക്കേണ്ടിവരും.
അഭിമുഖത്തിന്
നേരിട്ടെത്തണം
14 വയസ്സിന് താഴെയുള്ളവരും 79 വയസ്സിനു മുകളിലുള്ളവരും വിസാ അപേക്ഷയുമായി ബന്ധപ്പെട്ട അഭിമുഖത്തിന് നേരിട്ട് വരേണ്ടെന്ന ഇളവും പിൻവലിച്ചു
കോഴ്സുകൾക്ക് ആനുപാതികമായി നിശ്ചിതകാല വിസ നൽകാൻ നേരത്തെ തീരുമാനിച്ചിരുന്നു. പിഎച്ച്.ഡി പോലെ കൂടുതൽ സമയം ആവശ്യമുള്ളവർ വിസാകാലാവധി നീട്ടണം