വ്യാജ വായ്പ തട്ടിപ്പ്, മുൻ സെക്രട്ടറി അറസ്റ്റിൽ

Thursday 11 September 2025 12:15 AM IST
അറസ്റ്റിലായ സുനിത

കണ്ണൂർ: ആയിക്കര മത്സ്യതൊഴിലാളി സഹകരണ സംഘത്തിലെ വ്യാജ വായ്പാ തട്ടിപ്പ് കേസിൽ മുൻ സെക്രട്ടറി അറസ്റ്റിൽ. സംഘത്തിലെ മുൻ സെക്രട്ടറി മരക്കാർകണ്ടി ശ്രീ സാന്ദ്രത്തിലെ എൻ. സുനിത (45) യാണ് അറസ്റ്റിലായത്. വ്യാജവായ്പ നൽകി കോടികളുടെ തട്ടിപ്പാണ് സി.പി.എം നിയന്ത്രണത്തിലുള്ള സംഘത്തിൽ നടന്നത്. മരിച്ചവരെ പോലും ജാമ്യക്കാരാക്കിയായിരുന്നു തട്ടിപ്പ്.

വ്യാജമായി സൃഷ്ടിച്ച സേവിംഗ്സ് അക്കൗണ്ടുകൾ വഴി കോടിക്കണക്കിനു രൂപയുടെ ഇടപാടുകളാണ് നടന്നത്. സംഘത്തിൽ ലഭിച്ചിരുന്ന പണം പുറത്തേക്ക് കടത്താനായി വ്യാജ സേവിംഗ്സ് അക്കൗണ്ടുകൾ ഉപയോഗിക്കുകയാണ് ചെയ്തത്. സംഘത്തിൽ വലിയ തുകകൾ സ്ഥിരനിക്ഷേപമായി ലഭിച്ചിരുന്ന ദിവസങ്ങളിൽ മേൽ തുകകൾ അക്കൗണ്ട് ഉടമകൾ അറിയാതെ പിൻവലിച്ചു. സെക്രട്ടറിയായിരുന്ന സുനിതയെ സസ്പെൻഡ് ചെയ്യുന്നതിന് തൊട്ടു മുൻപുള്ള ദിവസങ്ങളിൽ വരെ ഇത്തരം ഇടപാടുകൾ നടന്നു. രണ്ടായിരത്തിലധികം മത്സ്യത്തൊഴിലാളികൾ അംഗങ്ങളായുള്ള സൊസൈറ്റിയിൽ നിക്ഷേപം നടത്തിയവർ കേസുമായി എത്തിയതോടെയാണ് പൊലീസ് അന്വേഷണം തുടങ്ങിയത്.