ബിന്ദുപത്മനാഭന്റെ തിരോധാനം: സെബാസ്റ്റ്യനെ കസ്റ്റഡിയിൽ ആവശ്യപ്പെടും

Thursday 11 September 2025 2:23 AM IST

ചേർത്തല: കടക്കരപ്പള്ളി സ്വദേശിനി ബിന്ദുപത്മനാഭനെ കൊലപ്പെടുത്തിയ കേസിൽ പ്രതി ചേർക്കപ്പെട്ട സെബാസ്റ്റ്യനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് സംസ്ഥാന ക്രൈം ബ്രാഞ്ച് കോടതിയിൽ അപേക്ഷ നൽകും.ജെയ്നമ്മ തിരോധാന കേസിൽ റിമാൻഡിൽ കഴിയുന്ന സെബാസ്റ്റ്യനെ കസ്റ്റഡി ആവശ്യപ്പെട്ട് ഏറ്റുമാനൂർ കോടതിയിലാണ് അപേക്ഷ നൽകുന്നത്.

ബിന്ദുപത്മനാഭനെ സെബാസ്റ്റ്യൻ കൊലപ്പെടുത്തിയതായി ബി.എൻ.എസ് 103 വകുപ്പു(ഐ.പി.സി 302) പ്രകാരം കേസെടുത്തതായി സംസ്ഥാന ക്രൈംബ്രാഞ്ച് റിപ്പോർട്ട് നൽകിയിരുന്നു.

2017 സെപ്തംബറിൽ ബിന്ദുവിന്റെ സഹോദരൻ പ്രവീൺകുമാർ ആഭ്യന്തരവകുപ്പിന് നൽകിയ പരാതിയിൽ പട്ടണക്കാട് പൊലീസാണ് കേസെടുത്തത്. പ്രാഥമിക അന്വേഷണത്തിൽ സെബാസ്റ്റ്യനെ ഒന്നാം പ്രതിയാക്കി തട്ടിപ്പ്,ആൾമാറാട്ടം,തിരിമറി തുടങ്ങി മൂന്നു കേസുകളെടുത്തിരുന്നു. 2020 മുതൽ സംസ്ഥാന ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. 2021 ഓടെ തന്നെ ബിന്ദുപത്മനാഭൻ കൊല്ലപ്പെട്ടതായി നിഗമനത്തിലെത്തിയെങ്കിലും സംശയ നിഴലിലായ സെബാസ്റ്റ്യനെതിരെ കേസെടുത്തിരുന്നില്ല. 2006ൽ ബിന്ദുകൊല്ലപ്പെട്ടതായി കാണിച്ചാണ് ഇപ്പോൾ റിപ്പോർട്ട് നൽകിയിരിക്കുന്നത്. മൃതദേഹമടക്കം കണ്ടെത്തുന്നതിനാണ് കസ്റ്റഡിയിൽ വാങ്ങുന്നത്. നിലവിൽ ചേർത്തല പൊലീസ് പുനരന്വേഷിക്കുന്ന ചേർത്തല സ്വദേശിനി ഹയറുമ്മ (ഐഷ)യെ കാണാതായ കേസിലും സെബാസ്റ്റ്യൻ സംശയ നിഴലിലാണ്. ഹയറുമ്മയെ സെബാസ്റ്റ്യന് പരിചയപ്പെടുത്തിയ റോസമ്മയും നിരീക്ഷണത്തിലാണ്.