കൈക്കൂലിക്കേസിൽ മുൻ വില്ലേജ് ഓഫീസർ വിജിലൻസിന്റെ പിടിയിൽ

Thursday 11 September 2025 1:23 AM IST

ആലപ്പുഴ: കുന്നുമ്മ സ്വദേശിയായ പരാതിക്കാരന്റെ അമ്മയുടെയും അച്ഛന്റെയും പേരിലുള്ള വസ്തുവിന്റെ കൈവശാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് 250 രൂപ കൈക്കൂലി വാങ്ങിയ കേസിൽ ഒളിവിലായിരുന്ന കുന്നുമ്മ വില്ലേജ് ഓഫീസറായിരുന്ന ലൂക്കോസ് ജോസഫിനെ വിജിലൻസ് പിടികൂടി. 2001 ഒക്ടോബർ 31നായിരുന്നു കേസിനാസ്പദമായ സംഭവം. കൈക്കൂലി വാങ്ങവെ ആലപ്പുഴ വിജിലൻസ് യൂണിറ്റ് ഇയാളെ കൈയോടെ പിടികൂടി കേസ് രജിസ്റ്റർ ചെയ്ത് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. തുടർന്ന് തിരുവനന്തപുരം വിജിലൻസ് കോടതി 2008ൽ ലൂക്കോസ് ജോസഫിനെ വിവിധ വകുപ്പുകളിലായി 5 വർഷം കഠിന തടവിനും 7,500 രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷ വിധിച്ചിരുന്നു. ലൂക്കോസ് ജോസഫ് അപ്പീൽ പോയതിനെ തുടർന്ന് ഹൈക്കോടതി ശിക്ഷ ഒരു വർഷം കഠിന തടവും 17,500രൂപ പിഴയുമാക്കി. തുടർന്ന് കോടതിയിൽ കീഴടങ്ങുന്നതിന് ആഗസ്റ്റ് എട്ടിന് ഉത്തരവായെങ്കിലും പ്രതി അനുസരിച്ചില്ല. പ്രതിയെ ചങ്ങനാശ്ശേരിയിൽ ഒളിച്ചു താമസിക്കുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ ആലപ്പുഴ വിജിലൻസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കി.