പ്ലസ് ടു കടന്ന സന്തോഷത്തിൽ എൺപതുകാരൻ ഗോപിദാസ്

Thursday 11 September 2025 2:23 AM IST

ആലപ്പുഴ: സാക്ഷരതാമിഷന്റെ ഹയർ സെക്കൻഡറി തുല്യതാകോഴ്സിന്റെ റിസൾട്ട് വന്നപ്പോൾ സംസ്ഥാനത്തെ ഏറ്റവും പ്രായം കൂടിയ പഠിതാവായ പുന്നപ്ര താന്നിപ്പള്ളിച്ചിറ വീട്ടിൽ പി.ഡി.ഗോപിദാസ് (80) ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ യൂറോളജി വിഭാഗത്തിൽ ഡോക്ടറെ കാണാൻ കാത്ത് നിൽക്കുകയായിരുന്നു. എ പ്ലസ് അടക്കമുള്ള മാർക്ക് ലിസ്റ്റ് ലഭിച്ചതോടെ പ്രായത്തിന്റെയും രോഗത്തിന്റെയും അവശതകൾ മറന്ന് ഗോപിദാസ് പുഞ്ചിരിച്ചു. ഹയർ സെക്കൻഡറി ഹ്യുമാനിറ്റീസ് വിഭാഗത്തിൽ പഠനം നടത്തിയ ഗോപിദാസിന് മലയാളത്തിന് എ പ്ലസും പൊളിറ്റിക്സിനും സോഷ്യോളജിക്കും ബി ഗ്രേഡുമുണ്ട്. അഞ്ചാം ക്ലാസിൽ വച്ചാണ് പഠനം മുടങ്ങിയത്.സാക്ഷരതാമിഷന്റെ പ്രേരണയിൽ ഏഴാം ക്ലാസ് തുല്യത ജയിച്ചു. അമ്മയുടെ ആഗ്രഹം സഫലമാക്കാനായി പത്താം ക്ലാസ് തുല്യതയിലും മനസറിഞ്ഞ് പഠിച്ചു.

പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ചശേഷം ഒരു വ‌ർഷത്തോളം യാത്ര ചെയ്യാനാവാതെ പഠനം മുടങ്ങിയിരുന്നു. ആരോഗ്യം വീണ്ടെടുത്ത ശേഷമാണ് കോഴ്സ് പുനരാരംഭിച്ചത്. കഷ്ടപ്പെട്ട് പഠിച്ചതിന് ഫലമുണ്ടായെന്ന് ഗോപിദാസ് പറയുന്നു. പ്ലസ് ടു ജയിച്ചാൽ വക്കിലാകാമെന്ന് ഒരിക്കൽ അനുമോദന യോഗത്തിൽ അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷീബാ രാകേഷ് പറഞ്ഞ വാക്കുകളാണ് പഠനത്തിൽ പ്രചോദനമായത്. ആരോഗ്യം വീണ്ടെടുത്ത ശേഷം ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാലയുമായി ചേർന്ന് സാക്ഷരതാമിഷൻ ആരംഭിക്കുന്ന ബിരുദ കോഴ്സിൽ രജിസ്റ്റർ ചെയ്യാൻ ആഗ്രഹമുണ്ട്. ഭാര്യ ഇന്ദിര പന്ത്രണ്ട് വർഷം മുമ്പ് മരിച്ചു. സൗമ്യയും അനീഷ്യയുമാണ് മക്കൾ. മരുമക്കൾ: ബൈജു, സുധീഷ്കുമാർ.പഠനത്തിന് കൂട്ട് നാല് കൊച്ചുമക്കളാണ്.