ബാക്കിവന്ന പൂക്കൾ വെറുതേയാവില്ല, മൂല്യവർദ്ധിത ഉത്പന്നങ്ങളാക്കും
ആലപ്പുഴ: ഓണക്കാലവിളവെടുപ്പിന് ശേഷമുള്ള പൂക്കൾ ഇനി മൂല്യവർദ്ധിത ഉത്പന്നങ്ങളാകും. ഇതിനായി ജില്ലയിൽ യൂണിറ്റുകൾ വരും. നിറപ്പൊലിമ എന്ന പേരിൽ ഓണവിപണിലക്ഷ്യമാക്കി നടത്തിയ കൃഷിയിൽ മിച്ചം വന്ന പൂക്കളാണ് മൂല്യവർദ്ധിത ഉത്പന്നമായി മാറ്റുന്നത്.
ഓണക്കാല വിളവെടുപ്പ് അവസാനിച്ചതോടെ ഉണ്ടാവുന്ന പൂക്കൾ പാഴാകാതെ ഉപയോഗിക്കുകയാണ് ലക്ഷ്യം. പൂക്കളിൽ നിന്ന് അഗർബത്തി, നിറങ്ങൾ എന്നിവയാണ് നിർമ്മിക്കുക. ഈ നിറങ്ങൾ ഉപയോഗിച്ച് ഇക്കോ പ്രിന്റ് ചെയ്ത തുണിത്തരങ്ങൾ വിപണിയിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് കുടുംബശ്രീ പ്രവർത്തകർ. കുട്ടികൾക്കുള്ള ഉടുപ്പുകൾ ഇത്തരം നിറങ്ങൾ ഉപയോഗിച്ച് പ്രിന്റ് ചെയ്യാൻ സാധിക്കും. ഇതിനായി
ജില്ലയിൽ അഞ്ച് യൂണിറ്റുകൾ ആരംഭിക്കുകയാണ് ലക്ഷ്യം.
ജില്ലയിൽ 72 സി.ഡി.എസുകളിൽ വലുതും ചെറുതുമായ തരത്തിൽ ഇത്തവണ പൂകൃഷി ചെയ്തിരുന്നു. കഴിഞ്ഞ വർഷമാണ് പദ്ധതി ആസൂത്രണം ചെയ്തതെങ്കിലും ഈ വർഷം ഇത് നടപ്പാക്കാനൊരുങ്ങുകയാണ്. വിളവെടുപ്പിന് ശേഷം അധികമായി നിൽക്കുന്ന ചെണ്ടുമല്ലി പൂക്കൾ ഉണക്കി അഗർബത്തി നിർമ്മിക്കുകയാണ് ആദ്യം ചെയ്യുന്നത്. ഓരോ ജില്ലയിലുമുള്ള പൂക്കളുടെ ലഭ്യതയ്ക്കും മൂല്യവർദ്ധനവിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും കണക്കാക്കിയാണ് യൂണിറ്റുകൾ സ്ഥാപിക്കുക. ഇത് സംബന്ധിച്ചുള്ള പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും.
അഗർബത്തിയും നിറങ്ങളും നിർമ്മിക്കും
1.ഈ വർഷം 1820 ഏക്കറിലായിരുന്നു പൂപ്പാടങ്ങളൊരുക്കിയത്. ഓറഞ്ച്, മഞ്ഞ ചെണ്ടുമല്ലി ഇനങ്ങളും വാടാമല്ലിയുമാണ് കൃഷി ചെയ്തത്.സ്വകാര്യ നഴ്‌സറികളെ ആശ്രയിക്കാതെ കുടുംബശ്രീ ജൈവിക പ്ലാന്റ് നഴ്‌സറികളിൽ തയ്യാറാക്കിയ ഹൈബ്രിഡ് തൈകളാണ് കൃഷി ചെയ്തത്
2.പൂക്കളിൽ നിന്ന് മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിന് സംസ്ഥാന തലത്തിൽ പരിശീലനം നൽകും.ഇതിനുശേഷം പദ്ധതിയോട് താത്പര്യമുള്ളവർക്കായി യൂണിറ്റുകൾ സ്ഥാപിക്കും.അഞ്ച് യൂണിറ്രുകൾ വരെ ജില്ലയിൽ സ്ഥാപിക്കാനാണ് ആലോചന
3.ബാക്കിവരുന്ന ചെണ്ടുമല്ലി പൂക്കളിൽ നിന്ന് പ്രകൃതിദത്തമായ നിറങ്ങൾ നിർമ്മിക്കും. നിലവിൽ തൃശൂരിൽ ചെണ്ടുമല്ലി പൂവിൽനിന്ന് അഗർബത്തി തയ്യാറാക്കുന്ന യൂണിറ്റുകൾ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. 45 ദിവസംകൊണ്ട് ഉയർന്ന വിളവ് നൽകുന്ന ഹൈബ്രിഡ് ഇനങ്ങളാണ് കൃഷിക്കായി തിരഞ്ഞെടുത്തത്