രാജ്ഭവനിൽ പുതിയ മ്യൂസിയം തുറക്കും

Thursday 11 September 2025 2:49 AM IST

തിരുവനന്തപുരം:രാജ്ഭവനിലേക്കെത്തുന്ന സമ്മാനങ്ങൾ ഉൾപ്പെടെയുള്ളവ പ്രദർശിപ്പിച്ച് പുതിയ മ്യൂസിയം തുറക്കും. ഇവിടേക്ക് പൊതുജനങ്ങൾക്ക് പ്രവേശിക്കാനാകും. ഇന്നലെ ഗവർണർ ആർ.വി.ആർലേക്കർ സംസ്ഥാന മ്യൂസിയം ഡയറക്ടർ മഞ്ചുളാദേവിയുമായി ഇക്കാര്യത്തിൽ ചർച്ച നടത്തി.

പല അവസരങ്ങളിലായി ഗവർണർക്ക് ലഭിച്ചിട്ടുള്ള വിവിധ സമ്മാനങ്ങൾ നിലവിൽ രാജ്ഭവനിലുണ്ട്. രാജാ രവിവർമ്മയുടെ മൂന്ന് ഒറിജിനൽ പെയിന്റിംഗുകൾ ഉൾപ്പടെ വേറെയും അമൂല്യമായ കലാസമ്പത്തുക്കൾ രാജ്ഭവനിൽ സൂക്ഷിച്ചിട്ടുണ്ട്. ഇവയെല്ലാം മ്യൂസിയത്തിലൂടെ ശാസ്ത്രീയമായി സംരക്ഷിക്കും.

കേരളത്തിന്റെ സാംസ്‌കാരിക വൈവിധ്യവും ഭരണഘടനാപാരമ്പര്യവും പ്രതിഫലിപ്പിക്കുന്നതാകും പ്രദർശനം. ''പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും ഇവ കാണാൻ അവസരമൊരുക്കുന്നത് വലിയ വിദ്യാഭ്യാസ മൂല്യമേകും. രാഷ്ട്രത്തിന്റെ കാലാ-സാംസ്കാരിക സമ്പത്ത് അടുത്തറിയാൻ ഇത് സഹായിക്കും,'' ഗവർണർ വ്യക്തമാക്കി.