കേന്ദ്രത്തോട് സുപ്രീംകോടതി ,​ നേപ്പാളിൽ സംഭവിച്ചത് കാണാതിരിക്കരുത്

Thursday 11 September 2025 12:26 AM IST

ന്യൂഡൽഹി: ഇന്ത്യൻ ഭരണഘടനയിൽ നമുക്ക് അഭിമാനിക്കാം. എന്നാൽ, അയൽരാജ്യങ്ങളായ നേപ്പാളിലും ബംഗ്ലാദേശിലും എന്താണ് സംഭവിച്ചതെന്ന് കാണണമെന്ന് സുപ്രീംകോടതി. ഗവർണർമാർ ബില്ലുകളിൽ അടയിരിക്കുന്നതുമായി ബന്ധപ്പെട്ട വാദത്തിനിടെയാണ് നേപ്പാളിലെ ജെൻ സി പ്രക്ഷോഭവും, ബംഗ്ലാദേശിലെ കലാപങ്ങളും പരാമർശിച്ചത്.

ബില്ലുകൾ വൈകിപ്പിക്കുന്ന ഗവർണർമാരെ സോളിസിറ്റർ ജനറൽ ന്യായീകരിച്ചതാണ് കോടതിയെ ചൊടിപ്പിച്ചത്. നേപ്പാളിൽ സംഭവിക്കുന്നത് നോക്കൂവെന്ന് ചീഫ് ജസ്റ്റിസ് ബി.ആർ.ഗവായ് സോളിസിറ്റർ ജനലിനോട് പറഞ്ഞു. ബംഗ്ലാദേശിലും യുവജനപ്രക്ഷോഭമായിരുന്നെന്ന് അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ ജസ്റ്റിസ് വിക്രംനാഥ് കൂട്ടിച്ചേർത്തു.

ഭരണഘടനാ തക‌ർച്ച രാഷ്ട്രങ്ങളെ എങ്ങനെ പ്രതിസന്ധിയിലാക്കുമെന്നാണ് സുപ്രീംകോടതി ചൂണ്ടിക്കാട്ടിയത്. ഭരണഘടനയിലൂന്നിയ സംവിധാനത്തെ അവഗണിച്ച് മുന്നോട്ടു പോകരുതെന്ന സന്ദേശവും കൈമാറുകയായിരുന്നു. ബില്ലുകളിൽ തീരുമാനമെടുക്കാൻ മൂന്നുമാസം പരിധി നിശ്ചയിച്ച വിധിക്ക് പിന്നാലെ രാഷ്ട്രപതി സുപ്രീംകോടതിക്ക് അയച്ച റഫറൻസ് നിലനിൽക്കുമോയെന്നതിലാണ് വാദം തുടരുന്നത്.

പ്രകോപനം കേന്ദ്രത്തിന്റെ വാദം

അപൂർവമായിട്ടേ ബില്ലുകളിൽ തീരുമാനം വൈകാറുള്ളൂവെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ ന്യായീകരിച്ചു. 1970 മുതൽ 2025 വരെ 20 ബില്ലുകൾ മാത്രമാണ് ഗവർണർമാർ രാഷ്ട്രപതിയുടെ പരിഗണനയ്‌ക്ക് വിട്ടിട്ടുള്ളത്. 90% ബില്ലുകളിലും ഗവർണർമാർ പരമാവധി ഒരു മാസത്തിനകം തീരുമാനമെടുത്തിട്ടുണ്ട്. ഇതോടെയാണ് ചീഫ് ജസ്റ്റിസ് പ്രകോപിതനായത്. കേന്ദ്രം കണക്കുകൾ പറയേണ്ട. സംസ്ഥാനങ്ങളുടെ കണക്കുകൾ കോടതി സ്വീകരിക്കുന്നില്ല. അപ്പോൾ കേന്ദ്രത്തിന്റേത് എങ്ങനെ പരിഗണിക്കാൻ കഴിയും. കണക്കുകളുടെ പ്രസക്തിയെ ജസ്റ്റിസ് വിക്രംനാഥും ചോദ്യംചെയ്‌തു. എത്ര ബില്ലുകൾക്ക് അംഗീകാരം നൽകിയെന്നത് വിഷയമല്ല. 2014ന് മുൻപും ശേഷവും എന്തു സംഭവിച്ചുവെന്നതും പ്രസക്തമല്ലെന്ന് കോടതി പറഞ്ഞു.