മണിരത്നത്തിന്റെ പൊന്നിയിൽ സെൽവൻ: ഐശ്വര്യ റായ് എത്തുന്നത് ഇരട്ട വേഷത്തിൽ
മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയിൽ ശെൽവനിൽ ഐശ്വര്യറായ് ഇരട്ട വേഷത്തിൽ എത്തുന്നു. കൽക്കി കൃഷ്ണമൂർത്തി എഴുതിയ നോവലിനെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിൽ നന്ദിനി എന്ന കഥാപാത്രത്തെയും അവരുടെ സംസാരശേഷിയില്ലാത്ത അമ്മ റാണി മന്ദാകിനി ദേവിയെയും ആണ് ഐശ്വര്യ റായ് അവതരിപ്പിക്കുന്നത്. വൈകാതെ ഈ വിവരം അണിയറപ്രവർത്തകർ ഔദ്യോഗികമായി പുറത്തു വിടും. ഇന്ത്യൻ സിനിമയിലെ വമ്പൻ താരങ്ങൾ അണിനിരക്കുന്ന ചിത്രം മണിരത്നത്തിന്റെ സ്വപ്ന പദ്ധതിയാണ്. 2012 ൽ ഈ സിനിമയുടെ ജോലികൾ തുടങ്ങിയെങ്കിലും സാമ്പത്തിക പ്രശ്നങ്ങൾ കാരണം പ്രോജക്ട് നീണ്ടുപോകുകയായിരുന്നു. ചോളസാമ്രാജ്യത്തിലെ രാജാവായിരുന്ന അരുൾ മൊഴിവർമ്മനെ (രാജരാജ ചോളൻ ഒന്നാമൻ) കുറിച്ചുള്ളതാണ് പൊന്നിയിൽ ശെൽവൻ എന്ന നോവൽ.
അമിതാഭ് ബച്ചൻ, നയൻതാര , കാർത്തി, വിക്രം, ജയം രവി, കീർത്തി സുരേഷ് തുടങ്ങിയവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പൊന്നിയിൽ സെൽവനെ ആസ്പദമാക്കി എം.ജി.ആർ ചലച്ചിത്രം നിർമ്മിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ പിന്നീട് അദ്ദേഹം ആ പദ്ധതി ഉപേക്ഷിച്ചു. 2015ൽ 32 മണിക്കൂർ ദൈർഘ്യമുള്ള ഒരു ആനിമേഷൻ ചിത്രം പൊന്നിയിൽ ശെൽവന്റെ കഥയെ ആസ്പദമാക്കി പുറത്തിറങ്ങിയിരുന്നു. ചെന്നൈയിലുള്ള റെവിൻഡ മൂവി ടൂൺസ് എന്ന ആനിമേഷൻ സ്റ്റുഡിയോ എട്ട് വർഷം കൊണ്ടാണ് അത് നിർമ്മിച്ചത്.